'കാലങ്ങളായി തുടരുന്ന നടപടി'; കേരളത്തെ പിഴിയുന്ന കേന്ദ്ര നീക്കത്തെ ന്യായീകരിച്ച് വി. മുരളീധരന്‍
Kerala News
'കാലങ്ങളായി തുടരുന്ന നടപടി'; കേരളത്തെ പിഴിയുന്ന കേന്ദ്ര നീക്കത്തെ ന്യായീകരിച്ച് വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2024, 8:24 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രക്ഷാദൗത്യത്തിന്റെ ചെലവ് തിരിച്ചുപിടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍. കാലങ്ങളായി തുടരുന്ന നടപടിയെന്നാണ് വി. മുരളീധരന്‍ പറഞ്ഞത്.

വ്യോമസേന നല്‍കിയ സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടി. സംസ്ഥാനം പണമടക്കേണ്ടി വരില്ലെന്നും വര്‍ഷങ്ങളായി വകുപ്പുകള്‍ തമ്മില്‍ സേവനങ്ങള്‍ക്ക് ബില്ല് കൊടുക്കാറുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു. എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടുമെന്നും മുരളീധരന്‍ ന്യായീകരിച്ചു.

‘വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകുന്ന പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ആഭ്യന്തര വകുപ്പില്‍ നിന്നാണ് സര്‍ക്കാര്‍ ഈ പണം നല്‍കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാരിലെ മറ്റൊരു വകുപ്പായ പ്രതിരോധ വകുപ്പ് ഇതിന്റെ തിരിച്ച് ഈടാക്കുകയും ചെയ്യും,’ എന്നാണ് വി. മുരളീധരന്‍ പറഞ്ഞത്.

വ്യോമയാന നിയമത്തില്‍ 1990 മുതല്‍ പറയുന്ന കാര്യങ്ങളിണവ. സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ സി.പി.ഐ.എം അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

2019ലെ പ്രളയം മുതല്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ വരെയുള്ള കേരളത്തിലെ ദുരന്തങ്ങളില്‍ എയര്‍ലിഫ്റ്റ് സേവനം ഉപയോഗപ്പെടുത്തിയതിന്റെ മുഴുവന്‍ തുകയും കേരളം തിരിച്ച് അടയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ആകെ ചെലവായ 132 കോടി 62 ലക്ഷം രൂപ തിരിച്ച് അടയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യം ഉന്നയിച്ചത്. എത്രയും പെട്ടെന്ന് തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ ആണ് കത്ത് നല്‍കിയത്.

വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്ത ഭൂമിയില്‍ ഒറ്റപ്പെട്ട് പോയ മനുഷ്യരെ രക്ഷപ്പെടുത്താനാണ് സേനയുടെ എയര്‍ലിഫ്റ്റ് സംവിധാനം ഉപയോഗിച്ചത്.

ദുരന്തത്തിന്റെ ആദ്യ ദിനമായ ജൂലൈ 30ന് എയര്‍ലിഫ്റ്റ് ചെയ്യാനായി ചെലവായത് 8,91,23,500 രൂപയാണ്. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി വയനാട്ടില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനതതിന് 69,65,46,417 രൂപ ചെലവായിട്ടുണ്ട്.

Content Highlight: An ongoing process; V. Muralidharan justified the central move to squeeze Kerala