തിരുവനന്തപുരം: ദി കേരള സ്റ്റോറി എന്ന സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ കേന്ദ്രങ്ങളെ വെല്ലുവിളിച്ച് ഒരു അമേരിക്കന്‍ മലയാളി. മുസ്‌ലിം മതത്തില്‍ ജനിച്ച് മുസ്‌ലിം വിശ്വാസികളായി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ കേരളത്തിലെ പത്ത് സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമോയെന്നാണ് നസീര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ വെല്ലുവിളി.
കേരള സ്റ്റോറി റിലീസ് ആയ സമയത്തും ഇതേ വെല്ലുവിളി ഉയര്‍ത്തികൊണ്ട് നസീര്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഉത്തരം നല്‍കാന്‍ കഴിയുന്നവര്‍ക്ക് നസീര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു കോടി തുകയാണ്.
ഈ വെല്ലുവിളി, കേരള സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച ഇടുക്കി, താമരശ്ശേരി രൂപതകള്‍ക്കും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെ.സി.വൈ.എമ്മിനും നല്‍കുന്നതായി നസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കാണ് നസീറിന്റെ ഒരു കോടി സമ്മാന തുക ലഭിക്കുക. 32,000 സ്ത്രീകളുടെ വിവരങ്ങളൊന്നും വേണ്ടെന്നും നസീര്‍ പറയുന്നു.
വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ സംഘപരിവാര്‍ പ്രൊപ്പഗാണ്ടയായ സിനിമ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപിച്ചതിന് ഇവര്‍ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വിവാദ സിനിമയായ ദി കേരള സ്റ്റോറി പളളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് കെ.സി.വൈ.എം പറഞ്ഞു.
കെ.സി.വൈ.എമ്മിന്റേതായി വന്ന നിര്‍ദേശം രൂപത പുറപ്പെടുവിപ്പിച്ചതല്ലെന്ന് കെ.സി.വൈ.എം അറിയിച്ചു. ഏപ്രില്‍ ഒമ്പതിന് വൈകീട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു കെ.സി.വൈ.എമ്മിന്റേതെന്ന നിലയില്‍ ചര്‍ച്ചയായ അറിയിപ്പ്.
Content Highlight: An American Malayali challenged the Sangh Parivar centers behind the movie The Kerala Story