ഉംപൂണ്‍; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെള്ളപ്പൊക്കം, കനത്ത നാശനഷ്ടം- ചിത്രങ്ങള്‍
Amphan cyclone
ഉംപൂണ്‍; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെള്ളപ്പൊക്കം, കനത്ത നാശനഷ്ടം- ചിത്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2020, 11:55 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഉംപൂണ്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴ സൃഷ്ടിക്കുന്നത് വലിയ ദുരിതമെന്ന് റിപ്പോര്‍ട്ട്. മഴയിലും കാറ്റിലും കൊല്‍ക്കത്തയിലെ വിവിധയിടങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

വിമാനത്താവളത്തിന്റെ മേല്‍ക്കൂര വരെ വെള്ളമെത്തിയെന്നാണ് വിവരം. നിരവധി വീടുകളും കൃഷിഭൂമിയും വെള്ളത്തിനടിയിലായി.

ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങള്‍ മനസിലാക്കാന്‍ ദേശീയ ദുരന്ത നിവാരണ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

കൊല്‍ക്കത്ത നഗരങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ നഗരത്തിലെ ഒരു പ്രധാന ട്രാന്‍സ്‌ഫോമര്‍ കത്തിയമരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കനത്ത മഴയ്ക്ക് പിന്നാലെ നഗരത്തില്‍ വീശിയടിച്ച കാറ്റിലാണ് ട്രാന്‍സ്‌ഫോമറിന് തീ പിടിച്ചത്. കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്. സൗത്ത് കൊല്‍ക്കത്തയിലെ അന്‍വര്‍ ഷാ റോഡിലായിരുന്നു സംഭവം.

ഉംപൂണ്‍ ചുഴലിക്കാറ്റ് കൊവിഡിനേക്കാള്‍ ഭീകരമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇതിനോടകം പന്ത്രണ്ട് പേരാണ് ഉംപൂണില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ നിരവധി കെട്ടിടങ്ങളും വീടുകളും കാറ്റില്‍ നിലംപൊത്തി. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ് ഉള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക