മോഹന്‍ലാല്‍ ഇടപ്പെട്ടു; ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാമെന്ന് ഷെയ്ന്‍ നിഗം; വിലക്ക് നീങ്ങിയേക്കും
Malayalam Cinema
മോഹന്‍ലാല്‍ ഇടപ്പെട്ടു; ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാമെന്ന് ഷെയ്ന്‍ നിഗം; വിലക്ക് നീങ്ങിയേക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th January 2020, 11:24 pm

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ താരസംഘടനയായ അമ്മയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കി.

വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയ്ന്‍ നിഗം അമ്മയ്ക്ക് ഉറപ്പുനല്‍കി. ഇക്കാര്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.

എന്നാല്‍ ഷെയ്ന്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പായില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും ഉല്ലാസം സിനിമ ഷെയ്ന്‍ ഡബ് ചെയ്യാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്.വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാപ്പ് അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുത്തത്. നേരത്തേയും വിവാദ പ്രസ്താവനയില്‍ ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു. പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളുടെ സംഘടന നേരത്തേ രംഗത്തെത്തിയിരുന്നു. സംഘടനാ പ്രസിഡണ്ട് എം. രഞ്ജിത്താണ് ഇക്കാര്യത്തിലുള്ള നിര്‍മ്മാതാക്കളുടെ നിലപാട് അറിയിച്ചത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്നും എം. രഞ്ജിത്ത് പറഞ്ഞിരുന്നു.