തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ പ്രധാനഉത്തരവാദി സി.പി.ഐ.എം ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് പിന്നാലെ കേരളപര്യടനം ലക്ഷ്യമിട്ട് ബി.ജെ.പി ദേശീയനേതൃത്വും.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ കേരളത്തില്‍ 100 കിലോമീറ്റര്‍ പ്രചരണ യാത്ര സംഘടിപ്പിക്കാനും ഒരുങ്ങുകയാണ് ബി.ജെ.പി.
ഓഗസ്റ്റ് അവസാനം നടത്തുന്ന യാത്ര നയിക്കുക ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാകും. ബി.ജെ.പി ദേശീയനേതാക്കളും യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരും പ്രചരണയാത്രയ്ക്കായി കേരളത്തിലെത്തുമെന്നാണ് സൂചന.
അക്രമരാഷ്ട്രീയത്തിനെതിരേ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയാവും യാത്ര. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലൂടെയാവും 100 കിലോമീറ്റര്‍ പ്രചരണയാത്ര.
യോഗി ആദിത്യനാഥിനുപുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന.
ഒരു ജില്ലയില്‍ 20 കിലോമീറ്റര്‍ വീതം അമിത് ഷാ യാത്രചെയ്യുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും യാത്ര സമാപിക്കുക.
പ്രചരണ യാത്രയെ കുറിച്ച് തിരുവനന്തപുരത്ത് തിങ്കളാഴ്ച ചേരുന്ന ബി.ജെ.പി നേതൃയോഗത്തിലാകും വിശദാംശങ്ങള്‍ തീരുമാനിക്കുക . പങ്കെടുക്കുന്ന കേന്ദ്രനേതാക്കള്‍ ആരൊക്കെയെന്ന് അടുത്തയാഴ്ച വ്യക്തമാകുമെന്നും പാര്‍ട്ടിനേതൃത്വം അറിയിച്ചിട്ടുണ്ട്.