സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയച്ച് അമിത് ഷാ
national news
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2023, 8:44 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. സര്‍ക്കാരിന് യാതൊരു ഭയവുമില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുള്ളവരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

‘പ്രതിപക്ഷത്തിന് സഹകരണത്തിനോടോ, ദളിതരോടോ, സ്ത്രീകളുടെ ക്ഷേമത്തിനോടോ താല്‍പര്യമില്ല. മണിപ്പൂര്‍ വിഷയത്തില്‍ താന്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്. സര്‍ക്കാരിന് ഒരു ഭയവുമില്ല, ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുള്ള എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,’ അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്കുള്ള അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും അധീര്‍ രഞ്ജന്‍ ചൗധരിക്കും അയച്ച കത്തും അമിത് ഷാ ട്വിറ്ററില്‍ പങ്കുവെച്ചു. മണിപ്പൂര്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പാര്‍ട്ടിക്ക് അതീതമായുള്ള ഒരു സഹകരണം ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നും തേടുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

മണിപ്പൂര്‍ വിഷയം അടക്കം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ചൊവ്വാഴ്ച രാവിലെ നടന്ന ഇന്ത്യ യോഗത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്സഭയിലും ചൊവ്വാഴ്ചയും പ്രതിപക്ഷം പ്രതിഷേധിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ റൂള്‍ 267 പ്രകാരം വിശദമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുസഭയിലും വിഷയത്തില്‍ സംസാരിക്കണമെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചത്.

Content Highlight: Amit shah writes to opposition party leaders over manipur issue