India
ബി.ജെ.പിയെ പിന്തുണച്ചാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 29, 03:58 am
Tuesday, 29th August 2017, 9:28 am

റോഹ്തക്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിനെ രക്ഷിക്കാന്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടെന്നതിന്റെ തെളിവുകള്‍ പുറത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടുചെയ്താല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നതായി ഗുര്‍മീതിന്റെ മകള്‍ ഹണിപ്രീതാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രതിഫലമായാണ് ബലാത്സംഗക്കേസുകള്‍ ഒഴിവാക്കി തരാമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ വാഗ്ദാനം ചെയ്തത്. ഇത് അമിത് ഷാ ഉറപ്പ് നല്‍കിയതാണെന്നും ഹണിപ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീതിന്റെ വെളിപ്പെടുത്തലുകതള്‍ സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Also Read ഹരിയാനയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി റാം റഹീമിന്റെ പിന്തുണ നേടിയതങ്ങനെ? അമിത് ഷാ മെനഞ്ഞ തന്ത്രം ഇതായിരുന്നു


തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്നേ ഗുര്‍മീത് അമിത് ഷായെ കണ്ട് തന്റെ അനുയായികളുടെ വോട്ട് ഉറപ്പ് നല്‍കിയിരുന്നു ഈ സമയത്തായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ കേസുകള്‍ ഒഴിവാക്കി തരാമെന്ന ഉറപ്പ് ഗുര്‍മീതിന് നല്‍കുന്നത്.

ബി.ജെ.പി ദേശീയ നേതാവായ അനില്‍ ജെയിനിനെയായിരുന്നു ഗുര്‍മീത് ആദ്യം കണ്ടതെന്നും ഇദ്ദേഹം വഴിയാണ് അമിത് ഷായെ കാണുന്നതെന്നുമാണ് ഹണിപ്രീത് സിങിന്റെ വെളിപ്പെടുത്തല്‍. നേരത്തെ പ്രധാനമന്ത്രി മോദി ഗുര്‍മീതിനെ പിന്തുണച്ച് തന്റെ ട്വിറ്ററിലൂടെ രംഗത്ത് വന്നിരുന്നു. ബി.ജെ.പി നേതൃത്വവുമായുള്ള ഗുര്‍മീതിന്റെ ബന്ധത്തിന്റെ ആഴമാണിതെന്ന് ആരോപണമുയര്‍ന്നിരുന്നു.

കോടതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നലെ ബി.ജെ.പി നേതാവും എം.പിയുമായ സാക്ഷി മഹാരാജും ഗുര്‍മീതിനെ പരസ്യമായി പിന്തുണച്ചിരുന്നു.

“28 അസംബ്ലി സിറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടുകളും ഗുര്‍മീത് അമിത് ഷായ്ക്ക് ഉറപ്പ് നല്‍കി. ബിജെപിയുടെ ദേശീയ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുമായും ഗുര്‍മീത് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി നാഷണല്‍ ദഷ്തക് പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹരിയാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് അമിത് ഷാ സിര്‍സയിലെത്തി റാം റഹീം സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ എക്ണോമിക്സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കു പിന്തുണ തേടിയായിരുന്നു അമിത് ഷായുടെ കൂടിക്കാഴ്ച.


Dont Miss: ദേരാ സച്ചാ സൗധ ആശ്രമത്തില്‍ മണ്ണിനടിയില്‍ ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തി


ഈ കൂടിക്കാഴ്ച നടന്നത് ആറുദിവസത്തിനുശേഷം ഒക്ടോബര്‍ ഏഴിന് ഹരിയാനയിലെ 44 ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ സിര്‍സയിലെത്തി ഗുര്‍മീതിനെ കണ്ടു. വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. ഇതുകഴിഞ്ഞ രണ്ടുദിവസത്തിനകമാണ് ചരിത്രത്തിലാദ്യമായി ദേര ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പരസ്യമായി പിന്തുണ അറിയിക്കുന്നത്. ബി.ജെ.പിയ്ക്കാണ് തങ്ങളുടെ പിന്തുണയെന്നാണ് ദേര അറിയിച്ചത്.