ന്യൂദല്‍ഹി: മണിപ്പൂരിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നാം എന്‍.ഡി.എ. സര്‍ക്കാറിന്റെ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട പ്രത്യേക വാര്‍ത്താ സമ്മേളനത്തിനിടെയാണ് അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കറിയത്. നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാമെന്നും എന്നാല്‍ തര്‍ക്കിക്കരുത് എന്നുമായിരുന്നു അമിത് ഷായുടെ മറുപടി.
ബിരേന്‍ സിങ് ഇപ്പോഴും മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി തുടരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘അങ്ങനെയൊന്ന് സംഭവിക്കുമ്പോള്‍ നിങ്ങളെ അറിയിക്കും’ എന്നായിരുന്നു അമിത് ഷായുടെ മറുപടി.
മണിപ്പൂരില്‍ സമാധാനം ഉറപ്പു വരുത്തുമെന്നും ഇരു (മെയ്‌തെയ്-കുകി) വിഭാഗങ്ങളുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അമിത് ഷ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മണിപ്പൂരില്‍ നടക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമല്ലെന്നും വംശീയ സംഘട്ടനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു വിഭാഗങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ സംഘര്‍ഷം അവസാനിപ്പിക്കാനാകും എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംഘര്‍ഷം വര്‍ദ്ധിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മാസങ്ങളായി വലിയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
മ്യാന്‍മറുമായി അതിര്‍ത്ഥി പങ്കിടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ആ അതിര്‍ത്ഥികളില്‍ വേലികെട്ടുന്ന ജോലി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതുവരെ 30 കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടുന്ന ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വിവിധ അതിര്‍ത്ഥി മേഖലകളില്‍ സി.ആര്‍.പി.എഫിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1500 കിലോമീറ്റര്‍ ദുരത്തില്‍ വേലികെട്ടാനുള്ള ബജറ്റിന് കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
നുഴഞ്ഞുകയറ്റം തടയാനായി ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള സ്വതന്ത്ര സഞ്ചാര കരാര്‍ ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ടെന്നും വാലിഡായിട്ടുള്ള വിസയുള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാനാകൂ എന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രി പറഞ്ഞു.
content highlights: Amit Shah angry with questions about Manipur