അമിത് ഷായ്ക്ക് എം.ആർ.എഫിലും നിക്ഷേപം, അഞ്ചുവർഷത്തിനിടെ ഇരട്ടി സ്വത്ത്
national news
അമിത് ഷായ്ക്ക് എം.ആർ.എഫിലും നിക്ഷേപം, അഞ്ചുവർഷത്തിനിടെ ഇരട്ടി സ്വത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2024, 8:57 am

ന്യൂ ദൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായ്‌ക്ക് മലയാള മനോരമയുടെ ഭാഗമായ ടയർ കമ്പനിയായ എം.ആർ.എഫ് ലിമിറ്റഡിൽ 1.29കോടി രൂപയുടെ നിക്ഷേപം. ഗുജറാത്തിലെ ഗാന്ധിനഗറിൽ ബി.ജെ.പി സ്ഥാനാർഥിയായ അമിത് ഷാ നൽകിയ സത്യവാങ്മൂലത്തിലാണ് 1.29 കോടിയുടെ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തിയതെന്ന് ദേശാഭിമാനി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

242 കമ്പനികളിലായി 37.4 കോടി രൂപയുടെ നിക്ഷേപം അമിത് ഷായ്ക്കും ഭാര്യക്കുമുണ്ട്. ഒരു കോടിയിലേറെ ഓഹരി നിക്ഷേപം എം.ആർ.എഫ് അടക്കം പത്ത് കമ്പനികളിലാണുള്ളത്. അമിത് ഷായുടെ ഭാര്യയുടെ സ്വത്ത് അഞ്ചുവർഷത്തിനിടെ ഇരട്ടിയിലേറെയായി. 2019ൽ 30.49 കോടി രൂപയുടെ സ്വത്ത് ഉണ്ടായിരുന്നത് 2024ൽ 65.7 കോടിയായി വർധിച്ചു.

ഹിന്ദുസ്ഥാൻ യൂണിലിവറിൽ 1.35 കോടിയുടെയും കോൾഗേറ്റ് പാമോലീവിൽ 1.07 കോടിയുടെയും പ്രോക്ടർ ആൻഡ്‌ ഗാമ്പിളിൽ 0.95 കോടിയുടെയും നിക്ഷേപം അമിത് ഷായ്‌ക്കുണ്ടെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്.

സൺ ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളിൽ കോടികളുടെ നിക്ഷേപം ഭാര്യക്കുമുണ്ട്. ഇതിനെല്ലാം പുറമേ ഭൂമി, സ്വർണ്ണം, മ്യൂച്ചൽ ഫണ്ടുകൾ, സേവിങ്സ് അക്കൗണ്ടുകൾ എന്ന രീതിയിലെല്ലാം അവർക്ക് സ്വത്തുക്കളുണ്ട്.

72 ലക്ഷത്തിന്റെ ആഭരണങ്ങൾ അമിത് ഷായ്ക്കും 1.10 കോടിയുടെ ആഭരണങ്ങൾ ഭാര്യക്കുമുണ്ട്. 2022 – 23ൽ 74.04 ലക്ഷമാണ് അമിത് ഷായുടെ വരുമാനം. ഭാര്യയുടേത് 39.54 ലക്ഷവും.

എസ്.ബി.ഐ പുറത്തുവിട്ട രേഖകളിൽ എം.ആർ.എഫ് 15 ലക്ഷം രൂപ ബി.ജെ.പിക്ക് ഇലക്ട്രൽ ബോണ്ട്‌ നൽകിയതായി പറയുന്നുണ്ട്. ഉത്പന്നത്തിന് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചതിന് എം.ആർ.എഫിന് 622 കോടി രൂപ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു.

Content Highlight: Amit Shah also invests in M.R.F, doubles his wealth in five years