മുംബൈ: മുസ്‌ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംവരണത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ സഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുസ്‌ലിം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. മതാടിസ്ഥാനത്തിലുള്ള സംവരണം നടക്കരുത്. ഇതില്‍ ഉദ്ധവ് താക്കറെ അദ്ദേഹത്തിന്റെ നിലപാട് അറിയിക്കണം.
ഉദ്ധവ് ജി, ഞങ്ങള്‍ മുത്തലാഖ് നിര്‍ത്തലാക്കി, ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ഇല്ലയോ? രാമക്ഷേത്രം നിര്‍മിക്കണോ വേണ്ടയോ? നിങ്ങള്‍ക്ക് ഏക സിവില്‍ കോഡ് വേണോ വേണ്ടയോ? മുസ്‌ലിം സംവരണം ആവശ്യമാണോ അല്ലെയോ?’ അദ്ദേഹം ചോദിച്ചു.
ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ കേള്‍ക്കാന്‍ കുറച്ചാളുകള്‍ മാത്രമേയുള്ളൂവെന്നും അതിനാലാണ് അദ്ദേഹം വിദേശ രാജ്യങ്ങളില്‍ പോയി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
‘ഒരു വശത്ത് മോദിജിക്ക് ലോകത്തിന്റെ വിവിധ കോണില്‍ നിന്ന് ബഹുമാനം ലഭിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് രാജകുമാരന്‍ രാഹുല്‍ ബാബ രാജ്യത്തെ അപമാനിക്കുന്ന ജോലിയാണ് ചെയ്യുന്നത്.
അവര്‍ ഇവിടെ നിന്ന് സംസാരിക്കില്ല. അവര്‍ പുറത്ത് പോയാണ് സംസാരിക്കുന്നത്. കാരണം അവരെ കേള്‍ക്കാന്‍ ഇവിടെ കുറച്ച് പേര്‍ മാത്രമേയുള്ളൂ,’ അമിത് ഷാ പറഞ്ഞു.