Advertisement
World News
ട്രംപ് ഭരണത്തില്‍ മാര്‍ക്കിടാന്‍ അമേരിക്ക പോളിംഗ് ബൂത്തില്‍; ഇടക്കാല വിധിയെഴുത്തില്‍ മുന്‍തൂക്കം ഡെമോക്രാറ്റുകള്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 06, 04:51 pm
Tuesday, 6th November 2018, 10:21 pm

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ട്രംപ് ഭരണത്തിന്റെ വിലയിരുത്തലാകും. 20 മാസത്തെ ട്രംപ് ഭരണത്തിന്‍ മേലുള്ള ഹിതപരിശോധനയ്ക്കാണ് അമേരിക്ക വേദിയാകുന്നത്.

പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ട്രംപ് നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും ഇടക്കാല തെരഞ്ഞടുപ്പില്‍ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധി സഭയിലേയും സെനറ്റിലേയും ഭൂരിപക്ഷം കുറഞ്ഞാല്‍ ട്രംപിന്റെ തുടര്‍ഭരണം സുഗമമാവില്ല. നയങ്ങള്‍ പലതും തിരുത്തേണ്ടിവരും. മറിച്ചാണെങ്കില്‍ അമേരിക്കയില്‍ ട്രംപ് കൂടുതല്‍ കരുത്തനാകും. അവസാന മണിക്കൂറുകളില്‍ പുറത്തുവരുന്ന അഭിപ്രായ സര്‍വേകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്.


435 സീറ്റുകളുള്ള ജനപ്രതിനിധിസഭയില്‍ നിലവില്‍ 236 റിപ്പബ്ലിക്കന്‍മാരും 193 ഡെമോക്രാറ്റുകളുമാണ് ഉള്ളത്. ഭൂരിപക്ഷത്തിന് വേണ്ടത് 218 സീറ്റുകളാണ്. ജനപ്രതിധിസഭ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും 100 സീറ്റുകളുള്ള സെനറ്റിര്‍ 51 സീറ്റുകള്‍ വേണം ഭൂരിപക്ഷം ഉറപ്പാക്കാന്‍.

2016ല്‍ ട്രംപിനൊപ്പം നിന്ന പത്ത് സംസ്ഥാനങ്ങളില്‍ മല്‍സരിക്കുന്ന ഡെമോക്രാറ്റുളുടെ വിജയമായിരിക്കും സെനറ്റിലെ ഭൂരിപക്ഷത്തില്‍ നിര്‍ണായകം. പലസ്ഥലങ്ങളിലും നേരത്തെ പോളിങ് ആരംഭിച്ചെങ്കിലും ഇന്നാണ് ഔദ്യോഗിക വോട്ടെടുപ്പ് ദിനം. പോളിങ് പൂര്‍ണമായും അവസാനിച്ചാല്‍ പിന്നാലെ വോട്ടെണ്ണി തുടങ്ങും.

ജനപ്രതിനിധി സഭയില്‍ ഇപ്പോഴുള്ള 4 പേര്‍ക്കു പുറമേ 7 ഇന്ത്യന്‍ വംശജര്‍ കൂടി ഇടക്കാല തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും അധികം വനിതകള്‍ മല്‍സര രംഗത്തുള്ള തെരഞ്ഞെടുപ്പുകൂടിയാണിത്. പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകള്‍ അംഗമാകാനുള്ള സാധ്യതയുമുണ്ട്.


ഡെമോക്രാറ്റ് ടിക്കറ്റില്‍ മല്‍സരിക്കുന്ന ഇല്‍ഹാന്‍ ഉമറും റഷീദ താലിബും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. ആഫ്രോ-അമേരിക്കന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍ മിനസോട്ട സംസ്ഥാനത്തു നിന്നാണ് ജനപ്രതിനിധി സഭയിലേക്ക് മല്‍സരിക്കുന്നത്. ഇന്ത്യന്‍ വംശജരുള്‍പ്പെടെ 220 ഏഷ്യന്‍ സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിലാണു മല്‍സരിക്കുന്നത്.