ന്യൂദല്‍ഹി: ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് മുകേഷ് അംബാനിയുടെ പ്രസന്റേഷന്‍ കണ്ടിട്ട്. റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടിയുള്ള പ്രസന്റേഷന്‍ അവതരിപ്പിച്ചത്.
മാനവവിഭവശേഷി മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറിയും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ വിനയ് ശീല്‍ ഒബ്‌റോയിയും അദ്ദേഹത്തിന്റെ ഭാഗത്തുണ്ടായിരുന്നു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്‍ ഗോപാലസ്വാമി അധ്യക്ഷനായ വിദഗ്ധ കമ്മിറ്റിക്കു മുമ്പാകെ അദ്ദേഹമുള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് ജിയോ ടീമിനുവേണ്ടി പ്രസന്റേഷന്‍ അവതരിപ്പിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും കമ്മിറ്റിക്കു മുമ്പില്‍ മറുപടി പറഞ്ഞത് അംബാനിയായിരുന്നു. യൂണിവേഴ്‌സിറ്റി അംബാനിയുടെ സ്വപ്‌ന പദ്ധതിയായാണ് പറയപ്പെടുന്നത്. മുന്‍ സര്‍ക്കാറിനു മുമ്പാകെയും അദ്ദേഹം സമാനമായ പ്രപ്പോസല്‍ വെച്ചിരുന്നുവെന്നാണ് ഇക്‌ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
2016ല്‍ എച്ച്.ആര്‍.ഡി മന്ത്രാലയത്തിന്റെ ഭാഗമായിരുന്നു ഒബ്രോയി. വേള്‍ഡ് ക്ലാസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോഗ്രാം എന്ന പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത് അദ്ദേഹമുണ്ടായിരുന്ന സമയത്താണ്. ഇതുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളെല്ലാം ആ സമയത്താണ് നടന്നത്.
എന്നാല്‍ ഒബ്രോയി വിരമിച്ചശേഷം 2017 സെപ്റ്റംബറിലാണ് ശ്രേഷ്ഠ സ്ഥാപനം എന്ന പദവിക്കുവേണ്ടിയുള്ള ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്.
നിലവില്‍ വരുന്നതിനു മുന്‍പേ അംബാനിയുടെ സ്ഥാപനത്തിന് അംഗീകാരം നല്‍കിയ കേന്ദ്ര നടപടി വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ “ക്വാളിറ്റി ഇനിഷ്യേറ്റീവ്” പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള ആറ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാനം പിടിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരു, മുംബൈയിലേയും ദല്‍ഹിയിലേയും ഐ.ഐ.ടികള്‍ എന്നിവയ്ക്കൊപ്പം സ്വകാര്യ യൂണിവേഴ്‌സിറ്റികളായ ബിറ്റ്സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ എന്നിവയും കേന്ദ്ര സര്‍ക്കാര്‍ “ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ്” ആയി തെരഞ്ഞെടുത്തിരുന്നു.