ചണ്ഡിഗഢ്: ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ആദ്യഘട്ടത്തില്‍ 22 പേരുടെ പട്ടികയാണ് പുറത്തു വിട്ടത്.
കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ ശേഷം പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പി.എല്‍.സി) എന്ന പാര്‍ട്ടി രൂപീകരിക്കുകയും ബി.ജെ.പിയുമായി സഖ്യത്തിലെത്തുകയുമായിരുന്നു. ആകെയുള്ള 117 സീറ്റുകളില്‍ 37 സീറ്റുകളാണ് മുന്നണി ധാരണപ്രകാരം പി.എല്‍.സിക്ക് നല്‍കിയിരിക്കുന്നത്.
ബി.ജെ.പിക്കും സംയുക്ത അകാലി ദള്ളിനുമൊപ്പമാണ് (എസ്.എ.ഡി) അമരീന്ദര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തുന്നത്.
‘സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിജയസാധ്യതയിലും ശ്രദ്ധയൂന്നിയാണ് ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്,’ അമരീന്ദര്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ അജിത്പാല്‍ സിംഗ് അടക്കം മികച്ച നിരയാണ് തങ്ങളുടേതെന്നാണ് അമരീന്ദര്‍ അവകാശപ്പെടുന്നത്.
ആകെ ലഭിച്ച 37 സീറ്റുകളില്‍ 26 സീറ്റുകളും മാല്‍വ പ്രദേശത്താണ്. അമരീന്ദറിന്റെ കുടുംബത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമാണ് മാല്‍വ.
പട്യാല അര്‍ബന്‍ മണ്ഡലത്തില്‍ നിന്നുമാണ് അമരീന്ദര്‍ മത്സരിക്കുന്നത്. പി.എല്‍.സി ടിക്കറ്റില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും അതാത് മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ അടിസ്ഥാനത്തിലാണ് അമരീന്ദര്‍ പാര്‍ട്ടി വിടുന്നത്. ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതും.
നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലില്ലാത്ത ഏക സംസ്ഥാനമാണ് പഞ്ചാബ്. അമരീന്ദറിന്റെ സ്വാധീനത്തില്‍ പഞ്ചാബ് പിടിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
അതേസമയം, പഞ്ചാബില്‍ കര്‍ഷകനേതാക്കളും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് രജേവാളിന്റെ നേതൃത്വത്തിലുള്ള സംയുക്ത സമാജ് മോര്‍ച്ച ആരുമായും സഖ്യമില്ലാതെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പഞ്ചാബ് നിലനിര്‍ത്താനും മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തിയാകാനുമാണ് കോണ്‍ഗ്രസ് പടയൊരുക്കം നടത്തുന്നത്.
തെരഞ്ഞെടുപ്പില്‍ കറുത്ത കുതിരയാവാനാണ് ആം ആദ്മി പാര്‍ട്ടിയും ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭഗവന്ത് മന്നിനെ പ്രഖ്യാപിച്ചാണ് എ.എ.പിയുടെ മുന്നേറ്റം.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.