കഴിഞ്ഞദിവസം വരാപ്പുഴ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നടന്ന ലെവല്‍ക്രോസ് സിനിമയുടെ പ്രൊമോഷനില്‍ പങ്കെടുത്ത നടി അമല പോളിനെതിരെ തീവ്ര വലതുപക്ഷ സംഘടനയായ കാസ രംഗത്തെത്തിയിരുന്നു. പരിപാടിക്ക് അമല ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് കാസ വിമര്‍ശിച്ചത്. താരത്തെ വിളിച്ചത് കോളേജിലെ പരിപാടിക്കാണെന്നും ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ലെന്നും കാസ പോസ്റ്റില്‍ പറഞ്ഞിരുന്നു.
വേദിയില്‍ അമല പോളിനൊപ്പമിരുന്ന വൈദികര്‍ക്ക് സ്വല്പമെങ്കിലും ഉളുപ്പുണ്ടായിരുന്നെങ്കില്‍ എഴുന്നേറ്റ് പോകണമായിരുന്നുവെന്നും നടിയുടെ കുഞ്ഞിന് ആരോ സമ്മാനിച്ച ഫ്രോക്കും ധരിച്ച് ഇത്ര വലിയ പരിപാടിക്ക് വരുമ്പോള്‍ ആ വേദി പങ്കിടാതിരിക്കാന്‍ മാനേജ്‌മെന്റ് ശ്രദ്ധിക്കണമായിരുന്നെന്നും കാസ വിമര്‍ശിച്ചിരുന്നു.
വിഷയം വലിയ ചർച്ചയായതോടെ ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അമല പോൾ. വിഷയത്തോട് പ്രതികരിക്കാൻ തനിക്ക് താത്പര്യം ഇല്ലെന്നും അന്ന് ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും അമല പറയുന്നു.
ഒരുപക്ഷേ ക്യാമറയിൽ തന്നെ കാണിച്ച രീതിയിൽ പ്രശ്നമുണ്ടാവാമെന്നും അത് മറ്റുള്ളവർ എങ്ങനെ കാണുന്നുവെന്നത് തന്റെ കയ്യിൽ അല്ലെന്നും അമല കൂട്ടിച്ചേർത്തു. ലെവൽ ക്രോസ് സിനിമയുടെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമല പോൾ.
‘അതിനോട് പ്രത്യേകിച്ച് പ്രതികരണം ഒന്നുമില്ല. ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും. ഞാൻ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് അത് യോജിക്കാത്തതാണെന്നോ ഞാൻ കരുതുന്നില്ല.
ഒരു പക്ഷെ അത് ക്യാമറയിൽ കാണിച്ച വിധം പ്രശ്നമുള്ളതായിരിക്കാം. അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കും അങ്ങനെ ഒരു പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഒരു തെറ്റായ വസ്ത്രമാണ് ധരിച്ചതെന്ന് ഞാൻ കരുതുന്നില്ല.
അതിനെ എങ്ങനെയാണ് അവതരിപ്പിക്കപ്പെട്ടത് എന്നത് എന്റെ കയ്യിൽ അല്ലല്ലോ. അതിൽ എനിക്കൊന്നും ചെയ്യാനില്ല.
ഞാനിട്ടു കൊണ്ടുവന്ന ഡ്രസ്സ് എങ്ങനെ ഷൂട്ട് ചെയ്യണം എങ്ങനെ കാണണം എന്നത് എന്റെ കൺട്രോളിലല്ല. ഒരു കോളേജിൽ പോകുമ്പോൾ എനിക്ക് പറയാൻ ഉള്ളതും അതാണ്, നമുക്കിഷ്ടമുള്ളത് ധരിക്കുക,’അമല പോൾ
Content Highlight: Amala Paul’s Replay Against Casa Criticism About her Dressing