Kerala News
ആലപ്പുഴയില്‍ ആരിഫ് ജയിച്ചു; തല മൊട്ടയടിക്കാതെ രക്ഷപ്പെട്ട് വെള്ളപ്പാള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 23, 01:47 pm
Thursday, 23rd May 2019, 7:17 pm

അലപ്പുഴ: ലോകസഭ തെരഞ്ഞെടുപ്പില്‍ അലപ്പുഴ മണ്ഡലത്തില്‍ എ.എം ആരിഫ് ജയിക്കുമ്പോള്‍ സി.പി.ഐ.എമ്മിന് പുറമേ ആശ്വസിക്കുന്ന മറ്റൊരാള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.

ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് താന്‍ കാശിക്ക് പോകുമെന്ന് നേരത്തെ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയില്‍ നോമിനേഷന്‍ കൊടുത്തുകഴിഞ്ഞപ്പോള്‍ തന്നെ ആരിഫ് വിജയിച്ചുകഴിഞ്ഞെന്നും ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് എലി മത്സരിക്കുന്നതുപോലെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ആരിഫ് ജയിക്കില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും. അയാള്‍ ഒരു ജനകീയനാണ്. അയാള്‍ ജനങ്ങളുടെ ഇടയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആളാണ്. മറ്റുള്ളവരൊക്കെ ഇടയ്ക്ക് വന്നുപോകുന്നവരാണ് എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

പിന്നീട് തല മൊട്ടയടിക്കുന്ന കാര്യം വെറുതെ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇരുപത് ലോക്‌സഭ മണ്ഡലത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. 9000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ.എം ആരിഫ് വിജയിച്ചത്.

DoolNews Video