റൊണാൾഡോക്ക് യുവതാരങ്ങളോടുള്ള മനോഭാവം ഇതാണ്; വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം
football news
റൊണാൾഡോക്ക് യുവതാരങ്ങളോടുള്ള മനോഭാവം ഇതാണ്; വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd March 2023, 8:51 am

സൗദി ടോപ്പ് ടയർ ഫുട്ബോൾ ലീഗായ സൗദി പ്രോ ലീഗിൽ മിന്നും പ്രകടനം കാഴ്ചവെക്കുകയാണ് റൊണാൾഡോ.
അൽ നസറിനായി ആദ്യ മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും പിന്നീട് മികച്ച ഫോമിലേക്കെത്താൻ താരത്തിന് സാധിച്ചിരുന്നു. നിലവിൽ അൽ നസറിനായി ആറ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. ഇതിൽ രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ നേടാനും താരത്തിന് സാധിച്ചു.

എന്നാലിപ്പോൾ റൊണാൾഡോക്ക് ടീമിലെ യുവതാരങ്ങളോടുള്ള മനോഭാവം വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെ യുവ താരമായ അൽവാരോ ഫെർണാണ്ടസ്.
നിലവിൽ പ്രിസ്റ്റൺ നോർത്ത് എൻഡിനായി ലോണിൽ കളിക്കുകയാണ് അൽവാരോ.

ക്ലബ്ബിലെ യുവതാരങ്ങൾക്കൊക്കെ വലിയ പ്രചോദനമാണ് റൊണാൾഡോ എന്നാണ് അൽവാരോ ഫെർണാണ്ടസ് തുറന്ന് പറഞ്ഞിരിക്കുന്നത്.
എ.എസിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ 19കാരനായ അൽവാരോ വെളിപ്പെടുത്തിയിരിക്കുന്നത്.

“അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളെല്ലാം വളരെ നല്ലതായിരുന്നു.
നല്ല മനുഷ്യനാണദ്ദേഹം. യുവതാരങ്ങളോടെല്ലാം നന്നായി പെരുമാറുകയും അടുത്തിടപഴുകുകയും ചെയ്യുന്ന പ്ലെയറാണ് റൊണാൾഡോ. അദ്ദേഹത്തിന് സ്പാനിഷ് അറിയാം. മാഡ്രിഡിൽ കളിച്ചിരുന്ന കാലത്ത് പഠിച്ചതാണത്. അതിനെക്കുറിച്ച് റൊണാൾഡോ എന്നോട് പറഞ്ഞിട്ടുണ്ട്,’ അൽവാരോ ഫെർണാണ്ടസ് പറഞ്ഞു.

“ക്രിസ്മസ് സമയത്ത് ഞാൻ ഫസ്റ്റ് ടീമിന്റെ കൂടെ ഉണ്ടായിരുന്നു. ആദ്യ ദിവസമൊക്കെ നല്ല അടിപൊളിയായിട്ടാണ് എനിക്ക് തോന്നിയത്.

റൊണാൾഡോ ക്ലബ്ബിലേക്ക് മടങ്ങിവന്ന സമയമായിരുന്നു അത്,’ അൽവാരോ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.

അതേസമയം ക്ലബ്ബുമായുള്ള സ്വരച്ചേർച്ചയില്ലായ്മയെത്തുടർന്ന് കഴിഞ്ഞ നവംബറിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. പിന്നീട് പ്രതിവർഷം 225 മില്യൺ യൂറോ പ്രതിഫലത്തിന് താരം അൽ നസറിലേക്ക് ചേക്കേറുകയായിരുന്നു.

പ്രീമിയർ ലീഗിൽ 24 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ ടേബിളിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ക്ലബ്ബിന്റെ സ്ഥാനം. മാർച്ച് അഞ്ചിന് ചിര വൈരികളായ ലിവർപൂളിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Alvaro Fernandez talks about Cristiano Ronaldo