'മ്മക്ക് ഒരു നാരങ്ങാ വെള്ളം അങ്ങ് കാച്ചിയാലോ' ദാറ്റ് ഫിലിം ഈസ് എ ടെക്സ്റ്റ് ബുക്ക് സാര്‍,'; രഞ്ജിത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രൻ
Entertainment news
'മ്മക്ക് ഒരു നാരങ്ങാ വെള്ളം അങ്ങ് കാച്ചിയാലോ' ദാറ്റ് ഫിലിം ഈസ് എ ടെക്സ്റ്റ് ബുക്ക് സാര്‍,'; രഞ്ജിത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th December 2023, 2:56 pm

മോഹൻലാലിനെക്കുറിച്ചുള്ള സംവിധായകൻ രഞ്ജിത്തിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു. ഇതിനു പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ.

തൂവാനത്തുമ്പിയിലെ മോഹൻലാലിന്റെ ഭാഷ മോശമാണെന്ന സംവിധായകൻ രഞ്ജിത്തിന്റെ പ്രതികരണത്തിനാണ് അൽഫോൺസ് പുത്രൻ മറുപടി പറഞ്ഞത്. മോഹൻലാലിന് തൊണ്ട വേദനയായിട്ടാണ് തൂവാനത്തുമ്പികൾ ഡബ്ബ് ചെയ്തതെന്നും ആ സിനിമ പഠിക്കാനുള്ള ഒരു ടെക്സ്റ്റ് ബുക്കാണെന്നുമായിരുന്നു അൽഫോൺസിന്റെ പ്രതികരണം. ‘ലാലേട്ടൻ തൊണ്ട വേദനയായിട്ടാണ് തൂവാനത്തുമ്പികൾ ഡബ്ബ് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്. ‘മ്മക്ക് ഒരു നാരങ്ങാ വെള്ളം അങ്ങ് കാച്ചിയാലോ’ ദാറ്റ് ഫിലിം ഈസ് എ ടെക്സ്റ്റ് ബുക്ക് സാർ,’ എന്നായിരുന്നു അൽഫോൺസിന്റെ മറുപടി.

ഭാഷയെ ഇമിറ്റേറ്റ് ചെയ്യുകയല്ല വേണ്ടതെന്നും അതിന്റെ പ്രാദേശിക സ്വഭാവത്തെ ബഹുമാനിച്ചുകൊണ്ടാണ് പറയേണ്ടതെന്നും രഞ്ജിത്ത് ആ അഭിമുഖത്തിൽ പറയുന്നുണ്ട്. ലാൽ ഭാഷയുടെ കാര്യം ശ്രദ്ധിക്കാത്ത ഒരാളാണെന്നും തൂവാനത്തുമ്പികളിൽ തൃശ്ശൂർ ഭാഷ വളരെ ബോറാണെന്നും രഞ്ജിത്ത് അഭിമുഖത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ഒരു ഭാഷയെ ഇമിറ്റേറ്റ് ചെയ്യുകയല്ല വേണ്ടത്. അതിന്റെ ഒരു പ്രാദേശിക സ്വഭാവത്തെ ബഹുമാനിച്ചുകൊണ്ട് പറയുകയാണ് വേണ്ടത്. തൃശ്ശൂർ സ്ലാങ് എന്ന് പറഞ്ഞിട്ട് എന്തൂട്ടാ എന്നൊന്നും തൃശ്ശൂരുകാര് പറയണമെന്നില്ല. ഓരോ സന്ദർഭത്തിലാണ് അവർ ഓരോ വാക്കും ഉപയോഗിക്കുന്നത്.

ലാല് ഭാഷയുടെ കാര്യത്തിൽ ശ്രദ്ധിക്കാത്ത ഒരാളാണ്. ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിൽ തൃശ്ശൂർ ഭാഷ വളരെ ബോറാണ്. പപ്പേട്ടനും ശ്രമിച്ചിട്ടില്ല ലാലും ശ്രമിച്ചിട്ടില്ല. അത് തൃശ്ശൂർ ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. ‘മ്മക്ക് ഒരു നാരങ്ങാ വെള്ളം അങ്ങ് കാച്ചിയാലോ’ ആ താളത്തിൽ ഒന്നുമല്ല തൃശ്ശൂരുകാര് സംസാരിക്കുന്നത്,’ രഞ്ജിത്ത് പറഞ്ഞു.

 

Content Highlight: Alphonse replies to Ranjith