Film News
ഇനി തമിഴിലേക്ക്; ഗിഫ്റ്റുമായി അല്‍ഫോണ്‍സ് പുത്രന്‍; സംഗീതം ഇളയരാജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 04, 03:39 pm
Tuesday, 4th July 2023, 9:09 pm

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം വരുന്നു. ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇളയരാജയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഏഴ് പാട്ടുകളാവും ചിത്രത്തിലുണ്ടാവുക. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് തന്നെയാണ്. രാഹുലാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ഗിഫ്റ്റില്‍ ആരൊക്കെയാണ് അഭിനയിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം പുഷ്പ ടു കഴിഞ്ഞാല്‍ താന്‍ അടുത്തതായി അഭിനയിക്കുന്നത് അല്‍ഫോണ്‍സിന്റെ ചിത്രത്തിലായിരിക്കുമെന്ന് ഫഹദ് ഫാസില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘അല്‍ഫോണ്‍സ് പുത്രനുമായുള്ള ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും. അദ്ദേഹം ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്. എനിക്ക് എന്റേതായ കുറച്ച് തിരക്കുകളും ഉണ്ട്. ഞങ്ങള്‍ മാനസികമായി ആ വര്‍ക്കില്‍ ഫോക്കസ് ചെയ്യാന്‍ കഴിയുമ്പോള്‍ മാത്രമാണ് ചിത്രത്തിലേക്ക് കടക്കുകയുള്ളൂ. പുഷ്പ 2 കഴിഞ്ഞാകും ആ ചിത്രത്തിലേക്ക് കടക്കുക,’ ഫഹദ് പറഞ്ഞു.

ഗോള്‍ഡാണ് ഒടുവില്‍ പുറത്ത് വന്ന അല്‍ഫോണ്‍സിന്റെ ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, ബാബുരാജ് തുടങ്ങിയ വലിയ താരനിരയാണ് എത്തിയത്.

Content Highlight: Alphonse Puthren is directing a new tamil film