ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അല്‍ ഫോണ്‍സ് കണ്ണന്താനത്തിന് പാര്‍ട്ടി കോര്‍ കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി ബി.ജെ.പി. ക്രൈസ്തവ വിഭാഗത്തിന് പാര്‍ട്ടിയില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മുന്‍ ഐ.എ.എസ് ഓഫീസര്‍ കൂടിയായ കണ്ണന്താനത്തിന് സ്ഥാനക്കയറ്റം നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവിലെ ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹിയോ കേന്ദ്ര ഭാരവാഹിയോ അല്ലാതിരുന്നിട്ടും കോര്‍കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത് ക്രിസ്ത്യന്‍ വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചതും കണ്ണന്താനത്തെ കോര്‍കമ്മിറ്റിയിലേക്ക് പരിഗണിക്കാന്‍ കാരണമായെന്നാണ് പറയപ്പെടുന്നത്.
കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കര്‍, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മുന്‍ എം.എല്‍.എ ഒ. രാജഗോപാല്‍ എന്നിവരും ചേര്‍ന്ന് നടത്തിയ ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്ഥാനക്കയറ്റം നല്‍കി തീരുമാനമായത്.