പൂനെ: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയാന്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കുകയെന്ന തീരുമാനമാണ് ഈ നടപടിക്ക് പിന്നില്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരമാനമെടുത്തതെന്ന് അജിത് പവാര്‍ പറഞ്ഞു.
ജല്‍ഗാവില്‍ നടന്ന മജ്ഹി ലഡ്കി ബഹിന്‍ യോജന എന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മാപ്പര്‍ഹിക്കാത്ത പാപമാണെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ ഹോസ്പിറ്റലില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം, ബദ്‌ലാപൂരില്‍ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും പീഡിപ്പിക്കപ്പെട്ട സംഭവം എന്നിങ്ങനെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണം.
സ്ത്രീകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിരവധി നിയമങ്ങള്‍ ഉണ്ടെന്നും അതിജീവിതയ്ക്ക് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ഇ- എഫ്.ഐ.ആര്‍ സാധ്യത ഉപയോഗിക്കാമെന്നും മോദി ചൂണ്ടിക്കാട്ടി.
മോദിയുടെ നിര്‍ദേശങ്ങള്‍ അജിത് പവാറാണ് മാധ്യമങ്ങളെ അറിയിച്ചത്. ഈ വിഷയം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അജിത് പവാര്‍ പറഞ്ഞു.