ആറാട്ടിനെതിര വ്യാജ പ്രചാരമെന്ന് ആരോപണം; അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
Movie Day
ആറാട്ടിനെതിര വ്യാജ പ്രചാരമെന്ന് ആരോപണം; അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th February 2022, 9:17 pm

ഫെബ്രുവരി 18 നാണ് ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ബി.ജി.എമ്മും ആക്ഷനും ഡയലോഗുകളും ഉള്‍പ്പെടെയുള്ള മാസ് ചേരുവകളെല്ലാം ചേര്‍ത്താണ് ബി. ഉണ്ണികൃഷ്ണന്‍ ചിത്രം തയാറാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ആറാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുയാണ് മലപ്പുറം കോട്ടക്കല്‍ പൊലീസ്. അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കോട്ടക്കലിലെ തിയേറ്റര്‍ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. സിനിമ തിയേറ്ററിലെത്തിയ ശേഷം അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ബോധപൂര്‍വമായി സിനിമയെ ഡീപ്രമോട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വരെ വാദങ്ങള്‍ ഉന്നയിക്കുന്നക്കിന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.

‘രണ്ട് ദിവസം മുന്‍പെയുണ്ടായിരുന്ന ഒരും സംഭവം ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പറയാം. സിനിമ സ്‌ക്രീനില്‍ നിന്നും ഷൂട്ട് ചെയ്ത് അത് വൈപ്പ് ചെയ്ത് ആറ് പേര്‍ കിടന്നുറങ്ങുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പലരും കണ്ടു കാണും.

ഇപ്പോള്‍ കോട്ടക്കല്‍ പൊലീസ് അതിനെതിരെ കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്,’ എന്നാണ് പെലീസ് കേസിനെക്കുറിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്.

അതേസമയം, ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ കറാച്ചിക്കാരാണെന്നും പാകിസ്ഥാനികളാണെന്നുമുള്ള പരാമര്‍ശങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു.

ഇത്തെരത്തില്‍ വിമര്‍ശിക്കുന്നവരുടെ മതം തിരയുന്ന പ്രവണതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോള്‍ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓര്‍ത്തേയില്ലെന്നും എന്നാല്‍ സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകള്‍ ഇന്ന് വിഷം ചീറ്റുന്ന മത വര്‍ഗീയ വാദികളാണെന്നുമാണ് രാഹുല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമ തിയേറ്ററിലെത്തിയാല്‍ അവരുടെ മതത്തെ ചേര്‍ത്ത് കെട്ടി വിമര്‍ശിച്ചും ചേര്‍ത്തു പിടിച്ചും പ്രതികരിക്കുന്നവര്‍ സിനിമയുടെ കഥാ ഭാവനയില്‍ വിഷം പുരട്ടുമ്പോള്‍ ജനകീയ കലയില്‍ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ് ആണ് തകരുന്നതെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.