World News
വ്യാജ വിസയെന്ന് ആരോപണം: ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 25, 04:00 pm
Thursday, 25th May 2023, 9:30 pm

കാന്‍ബെറ: ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ വിലക്കിയതായി റിപ്പോര്‍ട്ട്. വിക്ടോറിയയിലെ ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റി, വേല്‍സിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി എന്നീ രണ്ട് സര്‍വകലാശാലകളാണ് വിദ്യാര്‍ത്ഥികളെ വിലക്കിയ തീരുമാനമെടുത്തിട്ടുള്ളത്.

പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ദി സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഈ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ പാടില്ലെന്ന് സര്‍വകലാശാലകള്‍ എഡുക്കേഷന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

‘ചില ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിസ ആപ്ലിക്കേഷന്‍ ആഭ്യന്തര മന്ത്രാലയം നിരസിക്കുന്നത് സര്‍വകലാശാലയുടെ ശ്രദ്ധേയില്‍പ്പെട്ടു. ഇതൊരു ഹ്രസ്വകാല പ്രശ്‌നമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്,’ ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റി ഏജന്റുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള നാലിലൊന്ന് വിസ അപേക്ഷകളും ഇപ്പോള്‍ വ്യാജമാണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.

‘2022ല്‍ പഠനം ആരംഭിച്ച ധാരാളം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠനം പൂര്‍ത്തീകരിച്ചില്ല. പഞ്ചാബ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങില്‍ നിന്നുള്ളവരാണ് പഠനം പൂര്‍ത്തിയാക്കാത്തതില്‍ ഏറ്റവും കൂടുതലെന്ന് സര്‍വകലാശാല കണ്ടെത്തി. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഈ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുന്നു, ഇത് ഉടനടി പ്രാബല്യത്തില്‍ വരും,’ എന്നാണ് വെസ്റ്റേണ്‍ സിഡ്‌നി അയച്ച കത്തില്‍ പറയുന്നത്.

കഴിഞ്ഞ മാസവും വിക്‌റ്റോറിയ യൂണിവേഴ്‌സിറ്റി, എഡിറ്റ് കൊവാന്‍ യൂണിവേഴ്‌സിറ്റി, ടോറന്‍സ് യൂണിവേഴ്‌സിറ്റി, സതേണ്‍ ക്രോസ് യൂണിവേഴ്‌സിറ്റി എന്നീ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിലക്കിയിരുന്നു.

രാജ്യത്ത് പഠിക്കുന്നതിന് പകരം ജോലി ചെയ്യാന്‍ വേണ്ടി വ്യാജ ആപ്ലിക്കേഷനുകളുമായാണ് വരുന്നതെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളെ അന്ന് വിലക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും വിദ്യാര്‍ത്ഥികള്‍ പരസ്പരം രാജ്യങ്ങള്‍ മാറിയാണ് പഠിക്കുന്നതെന്നും അനുഭവങ്ങള്‍ അവരവരുടെ വീടുകളില്‍ കൈമാറുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിലും ഒപ്പ് വെച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടയെും വ്യാപാരികളുടെയും കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു കരാര്‍ ഒപ്പിട്ടത്.

CONTENT HIGHLIGHT: Alleged fake visas: Australian universities bar students from 5 Indian states