അലിഗഢിൽ കൊല്ലപ്പെട്ട മുസ്‌ലിം യുവാവിൻ്റെ സഹോദരന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി
national news
അലിഗഢിൽ കൊല്ലപ്പെട്ട മുസ്‌ലിം യുവാവിൻ്റെ സഹോദരന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2024, 1:05 pm

അലഹബാദ്: സ്ത്രീയെ ആക്രമിച്ചെന്ന കേസിലെ യുവാവിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈകോർട്ട്. യുവാവിന്റെ സഹോദരനെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഒരു കൂട്ടം തീവ്ര ഹിന്ദുത്വ വാദികൾ കൊന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ വിധി. ഔറംഗസേബ് എന്ന 35 വയസ്സുകാരൻ ജൂൺ 18ന് രാത്രി അലിഗഢിൽ ഒരു ഹിന്ദു വ്യാപാരിയുടെ വീട്ടിൽ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നാട്ടുകാർ ആക്രമിച്ച് കൊല്ലുകയായിരുന്നു.

ആൾക്കൂട്ട കൊലപാതകം നടന്ന് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം, ഔറംഗസേബിനും സഹോദരൻ സാക്കിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ മോഷണ ശ്രമത്തിന് കേസ് എടുക്കുകയായിരുന്നു. ഇവർ ലക്ഷ്മി റാണി മിത്തൽ എന്ന ഹിന്ദു സ്ത്രീയുടെ വീട്ടിൽ മോഷണശ്രമം നടത്തിയതായാണ് എഫ്.ഐ ആർ രജിസ്റ്റർ ചെയ്തത്.

ഔറംഗസേബ് കൊല്ലപ്പെട്ട ദിവസം തൻ്റെ വീട്ടിൽ കയറി തന്നെ ആക്രമിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്‌തെന്ന് എഫ്.ഐ.ആറിൽ മിത്തൽ ആരോപിച്ചു. ജൂൺ 29ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീകൾക്ക് നേരെയുള്ള ബലപ്രയോഗം, അപമാനിക്കൽ ), 395 എന്നിവ പ്രകാരമാണ് ഔറംഗസേബിനും സാക്കിക്കും മറ്റുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് 11 ദിവസം കാത്തിരിക്കുകയും മരിച്ച ഔറംഗസേബിൻ്റെ പേര് പ്രതിയായി ഉൾപ്പെടുത്തുകയും ചെയ്തതും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കൂടാതെ ഭരണകക്ഷിയായ ബി.ജെ.പി.യും പ്രാദേശിക എം.എൽ.എ മുക്ത രാജയും പ്രതികളായ തീവ്ര ഹിന്ദുത്വവാദികൾക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.

സെപ്റ്റംബർ 9 ന് അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ, സാക്കിക്കെതിരെ നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് വിധിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സിദ്ധാർത്ഥ വർമ്മ, രാം മനോഹർ നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പറഞ്ഞത്.

തനിക്കും മരിച്ച സഹോദരനും മറ്റുള്ളവർക്കുമെതിരായ എഫ്.ഐ.ആർ ചോദ്യം ചെയ്ത് സാക്കി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഔറംഗസേബിൻ്റെ ആൾക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നൽകിയ കേസിന് മറുപടിയായാണ് മിത്തൽ സാക്കിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തതെന്ന് സാക്കിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കൂടാതെ, ഔറംഗസേബിൻ്റെ കൊലപാതകം ആരോപിച്ച് മിത്തലിൻ്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. സംഭവസമയത്ത് തൻ്റെ ഭർത്താവ് മോഹിത് വീട്ടിലുണ്ടായിരുന്നുവെന്ന് മിത്തൽ തൻ്റെ എഫ്.ഐ.ആറിൽ അവകാശപ്പെട്ടെന്ന് അഭിഭാഷകൻ കൂട്ടിച്ചേർത്തു.

കേസ് പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൊലീസ് അധികാരികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ചു. ഹരജിയിൽ പ്രതികരണം അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Content Highlight: Allahabad HC Grants Protection From Arrest to Brother of Muslim Man Lynched in Aligarh