ഇത്ര ചെറുപ്പത്തില്‍ തന്നെ ഇങ്ങനൊരു റെക്കോഡോ; ഒറ്റ മത്സരം കൊണ്ട് അഫ്ഗാൻ താരത്തിന് ചരിത്രനേട്ടം
Cricket
ഇത്ര ചെറുപ്പത്തില്‍ തന്നെ ഇങ്ങനൊരു റെക്കോഡോ; ഒറ്റ മത്സരം കൊണ്ട് അഫ്ഗാൻ താരത്തിന് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2024, 7:54 am

അഫ്ഗാനിസ്ഥാന്‍-അയര്‍ലാന്‍ഡ് മൂന്ന് ഏകദിനം മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന് തകര്‍പ്പന്‍ വിജയം. അയര്‍ലാന്‍ഡിനെ 35 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ അഫ്ഗാന്‍ താരമായ അള്ളാ ഗസന്‍ഫറിന് സാധിച്ചു. അഫ്ഗാനിസ്ഥാനായി ഏകദിനം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനാണ് ഗുസന്‍ഫറിന് സാധിച്ചത്. 16 വയസും 236 ദിവസവും പ്രായമുള്ളപ്പോൾ ആണ് താരം ഇന്റർനാഷണൽ മത്സരം കളിക്കുന്നത്.

2018 ഏകദിന മത്സരം കളിച്ച സ്പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാന്റെ റെക്കോഡാണ് ഗുസന്‍ഫര്‍ തകര്‍ത്തത്. 16 വയസും 252 ദിവസവും പ്രായമുള്ളപ്പോഴാണ് മുജീബ് അഫ്ഗാനിസ്ഥാനായി ഏകദിനത്തില്‍ കളിച്ചത്.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണ് നേടിയത്.

അഫ്ഗാന്‍ ബാറ്റിങ്ങില്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 117 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ആറ് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗുര്‍ബാസിന്റെ തകര്‍പ്പന്‍ പ്രകടനം.

ഇബ്രാഹിം സദ്രാന്‍ 93 പന്തില്‍ 60 റണ്‍സും നായകന്‍ ഹസ്മത്തുള്ള ഷാഹിദി 33 പന്തില്‍ 50 റണ്‍സും മുഹമ്മദ് നബി 27 പന്തില്‍ 40 റണ്‍സും നേടി ടീം ടോട്ടലിന് മികച്ച സംഭാവന നല്‍കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡിന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടാനാണ് സാധിച്ചത്.

അയര്‍ലാന്‍ഡ് ബാറ്റിങ്ങില്‍ ഹാരി ടെക്ടര്‍ 147 പന്തില്‍ 138 റണ്‍സും ലോര്‍ക്കന്‍ ടെക്കര്‍ 75 പന്തില്‍ 85 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 35 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.

അഫ്ഗാന്‍ ബൗളിങ്ങില്‍ ഫസല്‍ഹാഖ് ഫാറൂഖി നാല് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി രണ്ട് വിക്കറ്റും നേടി അഫ്ഗാനെ എറിഞ്ഞുവീഴ്ത്തി.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് അഫ്ഗാന്‍. മാര്‍ച്ച് ഒമ്പതിനാണ് പരമ്പരയുടെ രണ്ടാം മത്സരം നടക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Allah Ghazanfar is the youngest player to playing for odi Afganisthan