ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ചയാണ് കെ.പി.സി.സി ഭാരവാഹിപട്ടിക പുറത്തിറക്കിയത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പട്ടിക പുറപ്പെടുവിച്ചു എന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും നാമമാത്രമായ വനിതാ പ്രാതിനിധ്യം വിമര്‍ശനം വരുത്തിവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആലിപ്പറ്റ ജമീല ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
എങ്ങനെയാണ് മലപ്പുറത്തെ ഒരു മലയോര ഗ്രാമത്തില്‍ നിന്നുള്ള ആലിപ്പറ്റ ജമീല എന്ന മുസ്‌ലിം സ്ത്രി കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടി വരെ എത്തിയത്, ആ പോരാട്ടത്തിന് പിന്നിലെ കഥയെന്താണ്?
എന്റെ ജന്മസ്ഥലം പെരിന്തല്‍മണ്ണ തഴേക്കോടാണ്. മണ്ണാറക്കാട് എം.ഇ.എസ്. കോളേജിലായിരുന്നു പഠനം. അന്നുതന്നെ കെ.എസ്.യുവിനെ പ്രതിനിധീകരിച്ച് കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്നു.
ഇന്ന് സ്ഥിരതാമസമുള്ള കളികാവില്‍ കല്യാണം കഴിഞ്ഞതിന് ശേഷം വന്നതാണ്. 2000ല്‍ കാളികാവില്‍ മഹിളാ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായാണ് സജീവ രാഷ്ട്രീയത്തില്‍ തുടക്കം കുറിക്കുന്നത്.
2005ല്‍ കാളികാവ് പഞ്ചായത്തിലെ ഈനാദി വാര്‍ഡില്‍ നിന്ന് മത്സരച്ച് വിജയിച്ച് ആദ്യമായി വാര്‍ഡ് മെമ്പറായി. അടുത്ത ടേമില്‍, 2010ല്‍ ആറാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച ശേഷം കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ആകാനുള്ള അവസരവും ലഭിച്ചു. അതിനിടക്ക് 2008 മുതല്‍ മഹിള കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായി.
2015ലാണ് വണ്ടൂര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. 2018ല്‍ മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയായി. 2020ലെ തെരഞ്ഞെടുപ്പില്‍ തേഞ്ഞിപ്പലം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു. നിലവില്‍ തേഞ്ഞിപ്പലം ഡിവിഷന്‍ മെമ്പറും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമാണ്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടി കൂടെയായിരിക്കുമ്പോഴാണ് പാര്‍ട്ടി പുതിയൊരു പദവി കൂടി ഏല്‍പ്പിച്ചുതരുന്നത്. ഇതുവരെ പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചുതന്ന ഉത്തരവാദിത്തങ്ങളെ ഭംഗിയായി നിര്‍വഹിച്ചതിനുള്ള അംഗീകാരം കൂടിയായിട്ടാണ് ഞാനിതിനെ കാണുന്നത്.
മലയോര മേഖലയായ കിഴക്കന്‍ ഏറനാട്ടിലെ കാളികാവില്‍ ജീവിക്കുന്ന എനിക്ക് ലഭിച്ച വലിയ അംഗീകാരം തന്നെയാണ് കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറി എന്നത്. ഈ പദവി വളരെ സത്യസന്ധമായും ജനങ്ങളോടൊപ്പം നിന്ന് സുതാര്യമായി പ്രവര്‍ത്തിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴുന്ന സ്ഥാനമല്ല കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നുള്ളത്. പ്രത്യേകിച്ച് മലപ്പുറത്തെ ഒരു മുസ്ലിം സ്ത്രീക്ക്. ഇവിടം വരെ എത്തണമെങ്കില്‍ വലിയ സ്ട്രഗിള്‍ അവശ്യമായിരിക്കുമല്ലോ, അതെങ്ങനെയായിരുന്നു?
നമ്മുടെ നാട്ടില്‍ ഒരു സ്ത്രി പൊതുപ്രവര്‍ത്തനം നടത്തുമ്പോള്‍ ഒരുപാട് വെല്ലുവിളികളും പ്രയാസങ്ങളും നേരിടേണ്ടിവരുക സ്വാഭാവികമാണ്. പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ഒരു സാധാരണ സ്ത്രീക്ക്. പുരുഷനപ്പോലെ പൊതുപ്രവര്‍ത്തനം ഒരു സ്ത്രീക്ക് നടത്താനുള്ള സാഹചര്യം നമ്മുടെ നാട്ടിലില്ല.
ഞാന്‍ 2005ല്‍ മത്സരിക്കുമ്പോള്‍ എന്റെ ചെറിയ കുട്ടിക്ക് ഒരുവയസ്സ് പോലുമില്ലായിരുന്നു. മൂത്തകുട്ടിക്ക് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. ഈയൊരു സാഹചര്യത്തില്‍ ഈ കുട്ടികളെ വീട്ടിലിട്ട് പോകേണ്ടിവരുമ്പോള്‍ ഒരുപാട് ടെന്‍ഷനും ബുദ്ധിമുട്ടുകളുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്.
എനിക്ക് മാത്രമല്ല പല സ്ത്രീകള്‍ക്കും ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. അങ്ങനെ വീട്ടില്‍ നിന്നും പിന്തുണ കിട്ടാതെയാണ് പല സ്ത്രികളും പൊതുപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹമുണ്ടായിട്ടും, പിന്‍മാറേണ്ടിവരുന്നത്.
എന്നാല്‍ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതുകൊണ്ട് മാത്രമാണ് എനിക്കിന്ന് ഈ നിലയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞത്. എങ്കിലും ഒരു സ്ത്രീയെന്ന നിലയിലുള്ള ചെറിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എനിക്കും ഉണ്ടാകാറുണ്ട്. അതൊക്കെ തരണം ചെയ്ത് തന്നെയാണ് ഞാന്‍ മുന്നോട്ടുപോകുന്നതും.
പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമാണോ, പാര്‍ട്ടയിലേക്ക് വന്ന സാഹചര്യം എങ്ങനെയായിരുന്നു?
അടിസ്ഥാനപരമായി എന്റേത് ഒരു മുസ്‌ലിം ലീഗ് കുടുംബമായിരുന്നു. എന്നാല്‍ പരേതനായ എന്റെ സഹോദരന്‍ നാലകത്ത് യൂസഫ് ഒരു അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം മുഖേനെയാണ് ഞാന്‍ കോണ്‍ഗ്രസിനെ മനസ്സിലാക്കുന്നത്. അദ്ദേഹമാണ് എനിക്ക് കോണ്‍ഗ്രസിനെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ പറഞ്ഞുതന്നത്. അങ്ങനെയാണ് ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തുന്നതും.
നിലവിലെ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് വലിയ വിമര്‍ശനം വരുന്നുണ്ട്. അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ജമ്പോ കമ്മിറ്റി വെട്ടിച്ചുരുക്കിയാണ് ഇത്തവണത്തെ കെ.പി.സി.സി പട്ടിക. 51 അംഗ കമ്മിറ്റിയായി പാര്‍ട്ടിയുടെ ഭാരവാഹിത്വം ചുരുക്കി. അതില്‍ ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകളും എക്സികൂട്ടിവില്‍ 2 വനിതകളുമുണ്ട്.
ആകെ അഞ്ച് വനിതകള്‍ക്ക് പ്രാതിനിധ്യം കിട്ടി. ഇത് വനിതകള്‍ക്ക് കിട്ടിയ ഒരു മാന്യമായ പരിഗണനയായായി തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ തന്നെയാണ് ഉത്തരം. സംസ്ഥാനത്ത് തന്നെ മൂന്ന് വനിതാ ജനറല്‍ സെക്രട്ടറിമാരില്‍ ഒന്ന് മലപ്പുറത്തുനിന്നാകുന്നു എന്നത് വലിയ മാറ്റത്തിന്റെ സൂചനയായിട്ടാണ് ഞാന്‍ കാണുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ച് നിലവില നേതൃത്വം തന്നെ പുനരാലോചന നടത്തിക്കൊണ്ടിരിക്കുന്ന സമയമാണ്, നിങ്ങള്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാണോ?
ഗ്രൂപ്പുകളിലൂടെ തന്നെയാണ് ഈ പാര്‍ട്ടിയില്‍ നേതാക്കന്മാര്‍ വളര്‍ന്നുവന്നത് എന്നത് സത്യാവസ്ഥയാണ്. എന്നാല്‍ ഞാന്‍ ഗ്രൂപ്പിനതീതമായാണ് ഇതുവരെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ ഐ ഗ്രൂപ്പിന്റെ തേഞ്ഞിപ്പലം മണ്ഡലത്തില്‍ നിന്നാണ് ഞാന്‍ നിലവില്‍ മെമ്പറായിട്ടുള്ളത്.
അങ്ങനെ വിലയിരുത്തുന്നവര്‍ എന്നെ ഐ ഗ്രൂപ്പ് വക്തവായിട്ടാണ് കാണുന്നത്. അതേസമയം, ഞാന്‍ ഗ്രൂപ്പിനതീതമായി ചിന്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണ്.
കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലില്ലാത്ത കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ തന്നെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, കോണ്‍ഗ്രസ് തിരിച്ചുവരുമോ?
കോണ്‍ഗ്രസ് അധികാരത്തിലില്ലാത്തതിന്റെ വലിയ പ്രതിസന്ധി നമ്മുടെ രാജ്യത്തും സംസ്ഥാനത്തുമൊക്കെ കാണാന്‍ കഴിയുന്നുണ്ട്. നമ്മുടെ രാജ്യം വലിയ അരാജകത്വത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാതിപത്യവും മാതേതരത്വവുമൊക്കെ ഇല്ലാതാക്കിയാണ് കേന്ദ്രത്തില്‍ ബി.ജെ.പിയുടെ ഭരണം.
സ്ത്രീകളും പെണ്‍കുട്ടികളുമൊക്കെ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന സമയത്താണ് രാജ്യവും സംസ്ഥാനവുമൊക്കെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദിവസവും അങ്ങനെയുള്ള വാര്‍ത്തകളാണ് കാണുന്നത്. കോണ്‍ഗ്രസ് അധികാരത്തിലായിരുന്നെങ്കില്‍ എത്രയും വേഗം ഇതൊക്കെ പരിഹരിക്കാന്‍ ശ്രമിച്ചേനെ.
നൊന്തുപെറ്റ തന്റെ സ്വന്തം കുഞ്ഞിനുവേണ്ടി ഒരമ്മ സമരം ചെയ്യേണ്ടി വരുന്നതൊക്കെ ശക്തമായ ഒരു ഭരണകൂടം ഇവിടെ ഇല്ലാത്തതുകൊണ്ടുമാത്രമാണ്.
ഈയൊരു സാഹചര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതയായി കോണ്‍ഗ്രസിന്റെ മടങ്ങിവരവിന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടി താഴെത്തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ നേതാവും പുതിയ കെ.പി.സി.സി പ്രസിഡന്റിന് കീഴിലുള്ള നേതൃത്വവും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അത് വിജയിക്കുക തന്നെ ചെയ്യും.
മലപ്പുറത്തെ +1, ഡിഗ്രി സീറ്റുകളിലെ അപര്യാപ്തതയില്‍ മാറി, മാറിവരുന്ന സര്‍ക്കാരുകളെ പോലെ മലപ്പുറത്തെ യു.ഡിഎഫ് നേതൃത്വത്തിനും വലിയ പങ്കില്ലേ? കോണ്‍ഗ്രസിനും അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ?
മലപ്പുറം ജില്ലയില്‍ നമ്മുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ട വിഷയത്തില്‍ സീറ്റ് കിട്ടുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. നമ്മുടെ മിടുക്കരായ കുട്ടികള്‍ ഉയര്‍ന്ന വിജയശതമാനം ഉണ്ടാക്കുമ്പോഴും അതിനനുസരിച്ച് ഇവിടെ സൗകര്യങ്ങളില്ല.
ഈ വിഷയത്തിന് ശാശ്വത പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയിലും കെ.പി.സി.സി ഭാരവാഹി എന്ന നിലയിലും എന്റെ ശ്രമങ്ങളും ഇടപെടലും തുടരും.
പൊതുരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സ്ത്രികളോട്, അവരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് സ്ത്രികള്‍ പൊതുരംഗത്തേക്ക് കടന്നുവരുണ്ട്. അത് അനിവാര്യാമായ കാലഘട്ടത്തിലാണ് നമ്മള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അങ്ങനെ കൂടുതല്‍ പൊതുരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് എന്റെ പിന്തുണ ഞാന്‍ ഉറപ്പുനല്‍കുകയാണ്. അങ്ങനെയുള്ള സ്ത്രീകളുടെ പ്രതിനിധിയായി ഞാനെപ്പോഴുമുണ്ടാകും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS : Alipetta Jameela speaks to Dolnews, who has been appointed KPCC General Secretary