യു.പി പൊലീസ് തടവിലിട്ട മലയാളി കുടുംബം 36 ദിവസത്തിന് ശേഷം ജയില്‍ മോചിതരായി
national news
യു.പി പൊലീസ് തടവിലിട്ട മലയാളി കുടുംബം 36 ദിവസത്തിന് ശേഷം ജയില്‍ മോചിതരായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st October 2021, 7:18 pm

ലഖ്നൗ: യു.പി പൊലീസ് തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ച ഇവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്ന് പുറത്തിറങ്ങുകയായിരുന്നു.

ലഖ്‌നൗ അഡീഷണല്‍ ജില്ലാ 17ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാല് പേര്‍ക്ക് ജാമ്യം അനുവദിച്ചത്.

36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഏഴുവയസ്സുകാരന്‍ ഉള്‍പ്പടെ ജയില്‍ മോചിതരായത്. അഭിഭാഷകരായ മുകുല്‍ ജോഷി, സുഭാഷ് ബിസാരിയ എന്നിവരാണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്. ജയില്‍ മോചിതരായവര്‍ നാളെ രാവിലെ 11ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

മൂന്ന് വനിതകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുമാണ് കഴിഞ്ഞ ഒരുമാസത്തിലധികമായി ലഖ്നൗവിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസം അറസ്റ്റിലായ വനിതകള്‍ക്ക് ഈ മാസം 14ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.

യു.പി ജയിലില്‍ കഴിയുന്ന മലയാളി യുവാക്കളെ കാണാനെത്തിയതായിരുന്നു അവരുടെ കുടുംബം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പന്തളം സ്വദേശി അന്‍ഷാദ്, വടകര സ്വദേശി ഫിറോസ് എന്നിവരെ മാസങ്ങള്‍ക്ക് മുന്‍പ് യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ സന്ദര്‍ശിക്കാനാണ് അന്‍ഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്സിന, ഏഴ് വയസുള്ള മകന്‍ ആതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവര്‍ ലഖ്നൗവിലെത്തിയത്. എന്നാല്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് ജയില്‍ അടയ്ക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Malayalee family detained by the UP police has been released from jail after 36 days