റൊണാൾഡോയുടെ അൽ നസറിന് വമ്പൻ തിരിച്ചടി; ടീമിന്റെ നെടുംതൂണായവൻ പുറത്ത്
Football
റൊണാൾഡോയുടെ അൽ നസറിന് വമ്പൻ തിരിച്ചടി; ടീമിന്റെ നെടുംതൂണായവൻ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 8:38 am

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ അല്‍ നസറും അല്‍ റയാനുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അല്‍ ഷോര്‍ട്ടൊക്കെതിരെ സമനിലയില്‍ കുടുങ്ങിയ അല്‍ നസര്‍ തങ്ങളുടെ ആദ്യ വിജയം ലക്ഷ്യം വെച്ചായിരിക്കും കളത്തിലറങ്ങുക.

അല്‍ അവാല്‍ പാര്‍ക്കില്‍ നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി അല്‍ നസര്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൗദി വമ്പന്മാരുടെ ക്രോയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാഴ്‌സെലോ ബ്രോസോവിച്ചിന് ഈ മത്സരം നഷ്ടമാവുമെന്നാണ് അല്‍ നസര്‍ പരിശീലകന്‍ സ്റ്റെഫാനോ പിയോളി അറിയിച്ചത്. അല്‍ നസര്‍ സോണിലൂടെയാണ് പിയോളി ഇക്കാര്യം പറഞ്ഞത്.

അല്‍ നസറിന്റെ മധ്യനിരയിലെ നിര്‍ണയകമായ സാന്നിധ്യമാണ് ബ്രോസോവിച്ച്. ഈ സീസണില്‍ അഞ്ചു മത്സരങ്ങളാണ് താരം അല്‍ നസറിന് വേണ്ടി ബൂട്ട് കെട്ടിയത്. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനില്‍ നിന്നുമാണ് ക്രോയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ സൗദിയിലെത്തുന്നത്.

കഴിഞ്ഞ സീസണില്‍ 43 മത്സരങ്ങളില്‍ അല്‍ നസറിനായി കളത്തിലിറങ്ങിയ താരം അഞ്ച് തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചപ്പോള്‍ 12 തവണ സഹതാരങ്ങളെകൊണ്ട് ഗോള്‍ അടിപ്പിക്കുകയും ചെയ്തു. താരത്തിന്റെ അഭാവം അല്‍ നസറിന് കനത്ത തിരിച്ചടി തന്നെയായിരിക്കും നല്‍കുക.

അതേസമയം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ പോയ റൊണാള്‍ഡോക്ക് ഈ മത്സരത്തില്‍ കോച്ച് പിയോളി അവസരം നല്‍കുമെന്നുറപ്പാണ്.

നിലവില്‍ സൗദി പ്രോ ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് സമനിലയുമായി 11 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.

അല്‍ നസറിനു വേണ്ടി റൊണാള്‍ഡോ നേടുന്ന 70ാംഗോള്‍ ആയിരുന്നു ഇത്. ഈ ഗോള്‍ നേടിയതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും അല്‍ നസര്‍ നായകന്‍ സ്വന്തമാക്കിയിരുന്നു. നാല് വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി 70 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് റൊണാള്‍ഡോ നടന്നുകയറിയത്.

ഇതിനു മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് റൊണാള്‍ഡോ 70ലധികം ഗോളുകള്‍ അടിച്ചുകൂട്ടിയത്.

 

Content Highlight:Al Nassr player Marcelo Brozovic Will Miss AFC Champions League Match