Daily News
മോദിയുടെ പക്കല്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ താല്‍പ്പര്യമില്ല; ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ഗോയങ്ക പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 02, 06:25 pm
Wednesday, 2nd November 2016, 11:55 pm

ടൈംസ് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അക്ഷയ മുകുള്‍ ആണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. 20 വര്‍ഷത്തോളമായി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ടറാണ് ഇദ്ദേഹം. 


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കല്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ഈ വര്‍ഷത്തെ രാംനാഥ് യോഗങ്ക അവാര്‍ഡ് ജേതാവ് പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

ടൈംസ് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അക്ഷയ മുകുള്‍ ആണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. 20 വര്‍ഷത്തോളമായി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ടറാണ് ഇദ്ദേഹം. ഇന്ത്യന്‍ എക്‌സ്പ്രസ് അവരുടെ സ്ഥാപകനായ രാംനാഥ് യോഗങ്കയ്ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് സമ്മാനിക്കുന്നതാണ് മാധ്യമപ്രവര്‍ത്തന രംഗത്തെ ഈ വിശിഷ്ട പുരസ്‌കാരം.

ഗീത പ്രസ്സ് ആന്റ് ദ മേക്കിംഗ് ഓഫ് ഇന്ത്യ എന്ന കൃതിയാണ് അക്ഷയ മുകുളിനെ ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലാണ് ഈ കൃതി പുരസ്‌കാരം നേടിയത്. ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര പരമായ വിഷയങ്ങിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ കൃതി മോദിയുടെ രാഷ്ട്രീയത്തിന് വിപരീതവുമായിരുന്നു.

തന്റെ കൃതിക്ക് പുരസ്‌കാരം ലഭിച്ചതില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. എന്നാല്‍, ആ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് അക്ഷയ മുകുള്‍ പറഞ്ഞതായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സന്ദീപ് ഭൂഷണ്‍ ദ കാരവനില്‍ എഴുതിയ ഖേനത്തില്‍ വെളിപ്പെടുത്തി.

അക്ഷയ മുകുളിന്റെ അസാന്നിധ്യത്തില്‍ പുസ്തകത്തിന്റെ പ്രസാദകരായ ഹാര്‍പര്‍കോളിന്‍സ് ഇന്ത്യ ചീഫ് എഡിറ്റര്‍ കൃഷ്ണന്‍ ചോപ്രയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

താനും മോദിയും ഒരേ ഫ്രെയിമില്‍ ഉണ്ടാവുകയും ക്യാമറക്കു നേരെ ചിരിക്കുകയും പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ ഹസ്തദാനം നടത്തുകയും ചെയ്യുക എന്ന ആശയത്തില്‍ ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്നും മുകുള്‍ പറഞ്ഞതായി സന്ദീപ് ഭൂഷണ്‍ വ്യക്തമാക്കി.

ഫെബ്രുവരിയില്‍ പാട്യാലാ കോടതിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അക്ഷയ മുകുള്‍ ചൂണ്ടിക്കാണിച്ചതായും സന്ദീപ് ഭൂഷണ്‍ പറയുന്നു. അന്ന് ബി.ജെ.പി നേതാവ് ഒ.പി ശര്‍മയുടെ നേതൃത്വത്തിലുള്ള ഗുണ്ടകളാണ് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

കൂടാതെ മോദിയെ പുരസ്‌കാര ദാന ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ തന്നെ ഏതാനും മുതിര്‍ന്ന മാധ്യമപവര്‍ത്തകര്‍ക്ക് അതൃപ്തി  ഉണ്ടായിരുന്നെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്തി തന്നെ ഈ പുരസ്‌കാരം സമ്മാനിക്കണോ എന്നും അതും മോദിയെ പോലെ വര്‍ഗീയ ധ്രുവീകരണം നടത്തുന്ന ഒരാള്‍ തന്നെ വേണമോ എന്നും എഡിറ്റര്‍മാര്‍ ചോദിച്ചിരുന്നതായും സന്ദീപ് പറയുന്നു. തന്നോട് ഇന്ത്യന്‍ എക്‌സ്പ്രസിലെ തന്നെ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സന്ദീപ് ലേഖനത്തില്‍ പറയുന്നുണ്ട്.

2015 ഓഗസ്റ്റിലാണ് അക്ഷയ മുകുളിന്റെ ഈ കൃതി പുറത്തിറങ്ങുന്നത്. ടാറ്റ ലിറ്ററേച്ചര്‍ ലൈവിന്റെ ബുക്ക് ഓഫ് ദി ഇയര്‍, ആട്ട ഗലാട്ട ബംഗളൂരു, സാഹിത്യോത്സവത്തില്‍ മികച്ച നോണ്‍ ഫിക്ഷന്‍ കൃതി എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ കൃതിയാണിത്.