ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വിവാദമായ 80 vs 20 പരാമര്‍ശത്തെ കളിയാക്കിക്കൊണ്ടായിരുന്നു അഖിലേഷ് രംഗത്തു വന്നത്.
‘തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 80 ശതമാനം സീറ്റുകളും ബി.ജെ.പിക്ക് 20 ശതമാനം സീറ്റുകളും ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്,’ അഖിലേഷ് പറയുന്നു.
ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് എസ്.പിയില്‍ ചേര്‍ന്ന നേതാക്കളെ സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു അഖിലേഷ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണക്ക് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. സംസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം മതവിഭാഗത്തില്‍ പെട്ട ജനങ്ങള്‍ തമ്മിലുള്ള അനുപാതമാണ് 80, 20 എന്നിവ കൊണ്ട് യോഗി ഉദ്ദേശിച്ചത്.
യു.പിയില്‍ 80 ശതമാനത്തോളം (79.73) ഹിന്ദുക്കളും 20 ശതമാനത്തിനടുത്ത് (19.26) മുസ്‌ലിം മതവിശ്വാസികളുമാണുള്ളത്.
ഈ കണക്കിനെ എടുത്തുപറഞ്ഞ്, തെരഞ്ഞെടുപ്പിനെ ബി.ജെ.പി വര്‍ഗീയത ഉപയോഗിച്ച് നേരിടുമെന്ന കൃത്യമായ സൂചനയാണ് യോഗിയുടെ ഏറ്റവും ഒടുവിലത്തെ കമന്റ് പറയുന്നത്.
”മത്സരം ഇപ്പോള്‍ 80ഉം 20ഉം തമ്മിലാണ്. വികസനത്തിനും ദേശീയതക്കും നല്ല ഭരണത്തിനുമൊപ്പം നില്‍ക്കുന്നവരാണ് ഇതിലെ 80. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും.
വികസന വിരുദ്ധരും കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരും, ഗുണ്ടകളെയും മാഫിയകളെയും പിന്തുണക്കുന്നവരുമാണ് 20. അവര്‍ വേറെ സംഘങ്ങള്‍ക്കൊപ്പം മറ്റ് വഴികളിലാണ്.
അതുകൊണ്ട് ഈ 80-20 ഫൈറ്റില്‍ താമരയായിരിക്കും വഴി തെളിക്കുക,” യോഗി ആദിത്യനാഥ് പറഞ്ഞു.
യോഗിയുടെ വര്‍ഗീയ പരാമര്‍ശം വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍, അതേസമയം തന്നെ യോഗിയെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് പരാമര്‍ശിച്ച 20 ശതമാനം ജനങ്ങള്‍ മുസ്‌ലിങ്ങളല്ലെന്നും, അങ്ങനെ വരുത്തിത്തീര്‍ക്കാനാണ് ഇവിടെ പലരും ശ്രമിക്കുന്നതെന്നുമാണ് ബി.ജെ.പി നേതാവായ അലോക് വട്സ് പറഞ്ഞത്.
‘യോഗി ജി പറഞ്ഞത് മുസ്ലിങ്ങളെ കുറിച്ചല്ല, എന്തിനാണ് ഇങ്ങനെ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നത്. യോഗി പറഞ്ഞ 20 ശതമാനം ജനങ്ങളില്‍ 9 ശതമാനം ആളുകള്‍ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരുമാണ്. 3.5 ശതമാനം ആളുകള്‍ ഭൂമി തട്ടിപ്പുകാരാണ്. 2 ശതമാനം ആളുകള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരും 2 ശതമാനം ആളുകള്‍ പാകിസ്ഥാനെ പിന്തുണക്കുന്നവരുമാണ്. കൂടാതെ ബാക്കിയുള്ള 1.5 ശതമാനം ആളുകള്‍ വന്ദേ മാതരത്തെ എതിര്‍ക്കുന്നവരാണ്. ഇവരെയാണ് യോഗി ഉദ്ദേശിച്ചത്. അല്ലാതെ മുസ്ലിങ്ങളെയല്ല,’ എന്നായിരുന്നു വട്‌സിന്റെ പ്രതികരണം.
എന്നാല്‍, ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയ അവസ്ഥയാണ്. നേരത്തെ, യോഗി മന്ത്രിസഭയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിംഗ് സെയ്നിയടക്കം 3 മന്ത്രിമാരും അഞ്ച് എം.എല്‍.എമാരും പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടിക്ക് പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.
പാര്‍ട്ടി വിട്ട നേതാക്കള്‍ അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടിയിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഇതോടെ ബി.ജെ.പിക്ക് യു.പിയില്‍ അപ്രതീക്ഷിതമായ അടിയാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പിയില്‍ നിന്നും രാജി വെക്കുന്ന എട്ടാമത് എം.എല്‍.എയാണ് സെയ്നി.
യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതോടെയാണ് ബി.ജെ.പിയില്‍ കൂട്ട കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.
സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബി.ജെ.പി എം.പിയാണ്.
ഇതിന് പിന്നാലെയാണ് യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള രണ്ടാമത് മന്ത്രി പാര്‍ട്ടി വിട്ടത്. പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന നേതാക്കളുടെ ആരോപണത്തില്‍ നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.
അതേസമയം, എസ്.പി നേതാവായ അഖിലേഷ് യാദവ് തന്റെ സേനാബലം വര്‍ധിപ്പിക്കുകയാണ്. എന്‍.സി.പിയടക്കമുള്ള മറ്റു പാര്‍ട്ടികളെ ഒന്നിപ്പിച്ചും ജാതിഭേദമന്യേ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയുമാണ് അഖിലേഷ് യു.പിയില്‍ പുത്തന്‍ സമവാക്യങ്ങള്‍ രചിക്കുന്നത്.