കൊല്‍ക്കത്ത: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്ലാത്ത ബി.ജെ.പി വിരുദ്ധ പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ഇരുവരും നടത്തിയതായാണ് റിപ്പോര്‍ട്ട്.
മമതാ ബാനര്‍ജിയുടെ കലിഘാട്ടിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അഖിലേഷ് യാദവ്.
കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും തുല്യ അകലം പാലിക്കുന്നവരെ മുന്നണിയില്‍ ചേര്‍ക്കാനാണ് നീക്കം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. വരും ആഴ്ചയില്‍ ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മേഘാലയ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുന്നതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നിലപാട് ശരിയായില്ലെന്നും കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തില്‍ പങ്കുചേരില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.