2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
മോശം ഫോമില്‍ നിന്ന് തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി തന്റെ കരുത്ത് കാണിച്ചത്. വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലി ക്രീസില്‍ ഉറച്ച് നിന്നുകൊണ്ടാണ് തന്റെ 51ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
Virat Kohli
111 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ പുറത്താകാതെയാണ് വിരാട് 100* റണ്‍സ് നേടിയത്. ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാടിന് തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല ഏകദിന ക്രിക്കറ്റില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. കോഹ്‌ലിയുടെ മിന്നും ബാറ്റിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.
‘പാകിസ്ഥാന്‍ വിരാട് കോഹ്‌ലിയെ വാടകയ്ക്ക് കിട്ടുമോ എന്ന് പോലും ആലോചിച്ചുകാണും. ആഗ്രഹിക്കുന്നു. അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ദുബായില്‍ കാണികള്‍ ആവേശഭരിതരായിരുന്നു. ഒന്നും കേള്‍ക്കാന്‍ പോലും കഴിഞ്ഞില്ല.
അന്തരീക്ഷം ആവേശഭരിതമായിരുന്നു. അദ്ദേഹം ഗംഭീര സെഞ്ച്വറിയാണ് നേടിയത്. ചാമ്പ്യന്‍ ബാറ്റ്സ്മാന്‍ തന്റെ അഹങ്കാരം മാറ്റിവെച്ച് സ്പിന്നര്‍മാരെ എളുപ്പത്തില്‍ നേരിട്ടു. അദ്ദേഹം പേസര്‍മാരെ ആക്രമിച്ചു,’ ചോപ്ര പറഞ്ഞു.
മാര്‍ച്ച് രണ്ടിനാണ് ഇനി ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ഇന്ന് (തിങ്കള്‍) ന്യൂസിലാന്‍ഡിനെ നേരിടും. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് ബംഗ്ലാദേശിന് വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡ് സെമിയിലെത്തും മാത്രമല്ല പാകിസ്ഥാനും ബംഗ്ലാദേശും പുറത്താകുകയും ചെയ്യും.
Content Highlight: Akash Chopra Talking About Virat Kohli