Sports News
ആ മൂന്ന് പേരുടെയും അവസാനമായി, ഇനി ഒരു അവസരം അവര്‍ക്ക് ലഭിക്കില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 16, 05:26 am
Sunday, 16th February 2025, 10:56 am

2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പന്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. എല്ലാ ടീമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.

എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും തങ്ങളുടെ മികച്ച താരങ്ങളെ പരിക്ക് മൂലം നഷ്ടപ്പെട്ട ഒരു ഐ.സി.സി ഇവന്റ് കൂടിയാണിത്. ഇന്ത്യയ്ക്ക് തങ്ങളുടെ വജ്രായുധമായ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ബുംറയുടെ പരിക്കും തിരിച്ചടിയായി. ഇതോടെ ലേക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് കടക്കാന്‍ സാധിച്ചില്ല.

എന്നിരുന്നാലും എന്ത് വില കൊടുത്തും ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതുപോലെ തന്നെ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ ക്യപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കും ടൂര്‍ണമെന്റ് നിര്‍ണായകമാണ്.

ഇന്ത്യ ടി-20 ലോകകപ്പ് കിരീടം നേടിയ 2024 വര്‍ഷത്തില്‍ വിരമിച്ച മൂന്ന് താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ഇതോടെ ഇരുവരുടേയും അവസാനത്തെ ഐ.സി.സി ഇവന്റാണ് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയെന്ന് ഏറെ കുറെ ഉറപ്പാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര.

‘ഈ മൂന്നുപേര്‍ക്കും ഇനി മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റിലും പങ്കെടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഞങ്ങള്‍ യോഗ്യത നേടിയിട്ടില്ല, വരാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി അവരുടെ അവസാനത്തേതായിരിക്കും.

അടുത്ത ടി-20 ലോകകപ്പ് 2026ല്‍ നടക്കും, പക്ഷേ മൂവരും ഇതിനകം തന്നെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2027ലെ ഏകദിന ലോകകപ്പില്‍ ലോകം വ്യത്യസ്തമായിരിക്കും. വിരാട്, രോഹിത്, ജഡേജ എന്നിവര്‍ക്ക് ഇത് അവരുടെ അവസാനത്തെ പ്രധാന ഐ.സി.സി ടൂര്‍ണമെന്റായിരിക്കുമെന്ന് കരുതുന്നു,’ ചോപ്ര പറഞ്ഞു.

Content highlight: Akash Chopra Talking About Indian Players