ഇന്ത്യ-ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പരമ്പര വ്യാഴാഴ്ച്ച ആരംഭിക്കും. സീനിയര്‍ താരങ്ങള്‍ റെസ്റ്റ് എടുക്കുന്ന ആദ്യ മത്സരത്തില്‍ യുവതാരങ്ങളാണ് ഇന്ത്യക്ക് വേണ്ടി കളത്തിലറങ്ങുക. അയര്‍ലന്‍ഡിനെതിരെ ഇറങ്ങിയ അതേ ടീമിനൊപ്പം രോഹിത് ശര്‍മയുമുണ്ടാകും.
അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ബാറ്റിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ടീമില്‍ കളിപ്പിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. അദ്ദേഹത്തെ മൂന്നാം നമ്പറില്‍ ഇറക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഞാന്‍ മൂന്നാം നമ്പറില്‍ ദീപക് ഹൂഡയ്ക്കൊപ്പം തുടരും. അതില്‍ ഞാന്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല, കാരണം അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. ഒരു കളിയില്‍ അദ്ദേഹം സെഞ്ച്വറി നേടി, ആദ്യ കളിയില്‍ 47 റണ്‍സും നേടി. അവന്‍ തികച്ചും മികച്ച ഫോമിലായിരുന്നു,’ ചോപ്ര പറഞ്ഞു.
അതോടൊപ്പം ഇന്ത്യയുടെ ബാക്കി സ്‌പോട്ടിലേക്കുള്ള താരങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. നാലാമനായി സൂര്യകുമാര്‍ യാദവ് തന്നെ ഇറങ്ങണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആറാമത് ദിനേഷ് കാര്ത്തിക്കാണ് അദ്ദേഹത്തിന്റെ ടീമില്‍ ഇടം നേടിയത്. അക്‌സര്‍ പട്ടേലും യുസ്വേന്ദ്ര ചഹലുമാണ് അദ്ദഹത്തിന്റെ സ്പിന്നര്‍മാര്‍.
അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
‘ഞാന്‍ നാലില്‍ സൂര്യയെയും അഞ്ചില്‍ ഹാര്‍ദിക് പാണ്ഡ്യയെയും ആറില്‍ ദിനേഷ് കാര്‍ത്തിക്കിനെയും കളിപ്പിക്കും. ഇതിന് മുമ്പുള്ള അവസാന മത്സരത്തിലും പരമ്പരയിലും അക്‌സര്‍ പട്ടേല്‍ കളിച്ചിട്ടുണ്ട്. അയാള്‍ക്ക് വീണ്ടും അവസരം കൊടുക്കാം . അവനും യൂസി ചാഹലിനും രണ്ട് സ്പിന്നര്‍മാരാകാന്‍ കഴിയും. ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരിക്കും എന്റെ പേസര്‍മാര്‍,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.