തൊഴിലാളികളുടെ കൂലി കുറച്ച് മുതലാളിമാരെ സുഖിപ്പിക്കുന്ന മോദി സര്‍ക്കാറിന്റെ തൊഴില്‍നിയമ പരിഷ്‌കാരം
Labour Right
തൊഴിലാളികളുടെ കൂലി കുറച്ച് മുതലാളിമാരെ സുഖിപ്പിക്കുന്ന മോദി സര്‍ക്കാറിന്റെ തൊഴില്‍നിയമ പരിഷ്‌കാരം
എ കെ രമേശ്‌
Monday, 15th July 2019, 1:24 pm

 

സായിപ്പിന്റെ കാലത്ത് ഇന്ത്യയിലെ തൊഴിലാളികള്‍ പൊരുതി നേടിയ അവകാശങ്ങളാണ് അന്ന് സായ്പിനൊപ്പം നിന്നവര്‍, ഇന്ന് റദ്ദാക്കിക്കളയാന്‍ അത്യുത്സാഹം കാട്ടുന്നത്. അതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

പക്ഷേ തീര്‍ത്തും തൊഴിലാളി വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ അതീവ നികൃഷ്ടവ്യവസ്ഥകളോടെ ഇങ്ങനെയൊരു നിയമം തയാറാക്കുന്നത് അവരുടെ ക്ഷേമത്തിനാണ് എന്നാണ് പ്രഖ്യാപനം. ഗീബല്‍സിന്റെ പിന്മുറക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അങ്ങനെ അവകാശപ്പെടാനാവില്ല.

തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യം എന്നിവയെപ്പറ്റിയുള്ള ഒരു ബില്ലിന് ( code on occupational Safety, health, and working conditions bill 2019) കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി പത്രസമ്മേളനം വിളിച്ചു കൂട്ടി പ്രഖ്യാപിച്ച തൊഴില്‍ മന്ത്രി ഇക്കാര്യത്തില്‍ ഗീബല്‍സിനെയും കടത്തി വെട്ടിയിരിക്കുന്നു. നിലവിലുള്ള 13 നിയമങ്ങളില്‍ നിന്ന് ഉടമകള്‍ക്ക് അനുകൂലമായവ മാത്രം പെറുക്കിയെടുത്ത് കോഡായി അവതരിപ്പിച്ച് അതൊക്കെ തൊഴിലാളികളുടെ ക്ഷേമത്തിനാണ് എന്ന് നിര്‍ലജ്ജം അവകാശപ്പെടുകയാണ് ചെയ്യുന്നത്.

ഫാക്ടറീസ് ആക്ട്, മൈന്‍സ് ആക്ട്, ഡോക്ക് വര്‍ക്കേഴ്‌സ് ആക്ട്, ബില്‍ഡിങ്ങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട്, പ്ലാന്റേഷന്‍ ലേബര്‍ ആക്ട്, കോണ്‍ട്രാക്റ്റ് ലേബര്‍ ആക്ട്, മൈഗ്രന്റ് വര്‍ക്ക് മെന്‍ ആക്ട്, വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്ട്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട്, സെയില്‍സ് പ്രമോഷ് എംപ്ലോയീസ് ആക്ട്, ബീഡി ആന്റ് സിഗര്‍ വര്‍ക്കേഴ്‌സ് ആക്ട്, സിനി വര്‍ക്കേഴ്‌സ് ആന്റ് സിനിമാ തിയേറ്റര്‍ വര്‍ക്കേഴ്‌സ് ആക്ട് എന്നിവയെ മയപ്പെടുത്തി കൊമ്പൊടിച്ച് ഒറ്റച്ചാക്കില്‍ കെട്ടി കോഡാക്കി മാറ്റി പാസ്സാക്കുകയാണത്രെ! ഫലത്തില്‍, പഴയ നിയമങ്ങള്‍ കൊണ്ട് മുതലാളിമാര്‍ നേരിടുന്ന എടങ്ങേറുകള്‍ ഒഴിവാക്കുകയാണ്.

മോദിക്കാലം പൂക്കാലം

ഇങ്ങനെയൊരു ഉടമാനുകൂല തൊഴില്‍ നിയമം പെട്ടെന്ന് പൊട്ടിവീണതല്ല. മോദി പ്രധാനമന്ത്രിയായ ഉടനെത്തന്നെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലൊന്ന്, രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയതുപോലുള്ള തൊഴില്‍ നിയമങ്ങള്‍ എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും അതത് നിയമസഭകളില്‍ പസ്സാക്കിയെടുക്കണമെന്നാണ്. പണിമുടക്കാനുള്ള അവകാശമടക്കം എടുത്തുകളയുന്ന മാരകമായ ഉടമാനുകൂല വ്യവസ്ഥകളുള്ള നിയമം സാര്‍വത്രികമാക്കിയെടുക്കാനായിരുന്നു അന്നത്തെ നീക്കം. അതേത്തുടര്‍ന്നാണ് നിലവിലുള്ള 44 നിയമങ്ങള്‍ ചുരുട്ടിക്കെട്ടി 4 കോഡാക്കി മാറ്റി പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ തീരുമാനിച്ചത്. അതില്‍ ഒരെണ്ണം ഭരണഘടനാ വ്യവസ്ഥയില്‍ തട്ടിത്തടഞ്ഞ് വഴിയില്‍ കിടപ്പാണ്. രാജ്യസഭയുടെ കടമ്പ കടന്നു കിട്ടാനുള്ള അംഗബലം ഇല്ലാതെ പോയതു കൊണ്ട് ഒന്നാം മോദി സര്‍ക്കാറിന് വേജസ് കോഡ് പാസ്സാക്കിയെടുക്കാനായില്ല. അതുകൊണ്ട് ‘ഈസ് ഓഫ് ഡൂയിങ്ങ്ബിസിനസ്സ്’ ( തൊഴിലിടങ്ങളില്‍ യൂണിയനുകളുടെ എടങ്ങേറില്ലാതാവല്‍ തന്നെ ഇതില്‍ പ്രധാനം.) അത്രയും കുറഞ്ഞതു കാരണം മുതലാളിമാര്‍ മുഷിഞ്ഞിരിക്കണം. പക്ഷേ ഇപ്പോള്‍ മുതലാളിമാര്‍ക്കനുകൂലമായ ഒരു തെരഞ്ഞെടുപ്പ് വിധി കൂടി ഉണ്ടായതോടെ അതൊക്കെ അതിവേഗം പാസ്സാക്കപ്പെടും.

പുതിയ കോഡ്

അന്നു പറഞ്ഞ 4 കോഡുകളില്‍ ഒന്നാണ് ഇപ്പോള്‍ മന്ത്രിസഭ കുളിപ്പിച്ച് കുറിയും തൊടുവിച്ച് പുറപ്പെടുവിച്ചയക്കുന്നത്. തൊഴിലിടങ്ങളിലെ സുരക്ഷ എന്നാണ് തലക്കെട്ട്. മാരകവിഷത്തിന്റെ കുപ്പിക്ക് പുറത്ത് ലേബലൊട്ടിച്ച് പഞ്ചസാര എന്നെഴുതുന്നതു പോലെ അത്രക്ക് വഞ്ചനാപരമാണ് ഈ നീക്കം. നിലവിലുള്ള നിയമങ്ങളുടെ മുനയൊടിച്ച കൊണ്ട് എഴുതിച്ചേര്‍ക്കപ്പെടുന്ന വ്യവസ്ഥകള്‍, നടപ്പാക്കിക്കിട്ടാന്‍ ഒരിക്കലും കഴിയാത്ത മധുരക്കനികളായി പശുവിനും മനുഷ്യനും ഉപകാരത്തിനെത്താത്ത ഏട്ടിലെ പുല്ലായങ്ങനെ ഞെളിഞ്ഞു നില്‍ക്കും. അതേപ്പറ്റി വാചകമടിച്ച് തൊഴില്‍ മന്ത്രാലയത്തിലെ ഏമാന്മാരും ഞെളിഞ്ഞ് നില്‍ക്കും. ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ‘ ഏറെ വര്‍ദ്ധിക്കുമാറ് തൊഴിലാളികളെ കൂലിയടിമകളാക്കി മാറ്റാനാവുന്ന വ്യവസ്ഥകളെച്ചൊല്ലി മുതലാളിമാര്‍ ഞെളിയുക മാത്രമല്ല, അഹങ്കാരപ്പുളപ്പോടെ ചൂഷണത്തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പറഞ്ഞ വ്യവസ്ഥകള്‍ നടപ്പാക്കിക്കിട്ടാനായി തൊഴിലാളികള്‍ക്കോ, അവരുടെ യൂനിയനുകള്‍ക്കോ ഒരു തരത്തിലുള്ള ഇടപെടല്‍ സാദ്ധ്യതയും ബില്ല് അനുവദിക്കുന്നില്ല. വ്യവസ്ഥകള്‍ പാലിക്കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കാനായുള്ള ഒരു സംവിധാനവുമില്ലെങ്കില്‍, ആകര്‍ഷകങ്ങളെന്ന് തോന്നിപ്പിക്കാവുന്ന എന്തെന്തെല്ലാം കാര്യങ്ങളാണ് എഴുതിപ്പിടിപ്പിക്കാനാവുക! അതു തിരിച്ചറിഞ്ഞാണ് സംഘപരിവാര്‍ സംഘടനയായ ബി.എം.എസ്സ് വേജ്‌കോഡ് ഒഴികെയുള്ള മൂന്നു കോഡുകളെയും തങ്ങള്‍ എതിര്‍ക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചത്!

എന്തൊരു മഹാമനസ്‌കത !

പത്രസമ്മേളനത്തില്‍ തൊഴില്‍ മന്ത്രി തന്റെ മഹാമനസ്‌കത പ്രകടിപ്പിക്കും വിധം അരുളിച്ചെയ്ത മറ്റൊരു കാര്യം സര്‍ക്കാര്‍ കൂലിയെ സംബന്ധിച്ചുള്ള കോഡ് ഉടനെ പാസ്സാക്കിയെടുക്കുമെന്നും മിനിമം കൂലിയായി മാസത്തേക്ക് 4628 രൂപ ( 26 കൊണ്ട് ഹരിച്ചാല്‍ ദിവസം 178 രൂപ) പ്രഖ്യാപിക്കുന്നുവെന്നുമാണ്. ഇതില്‍ക്കുറഞ്ഞ ഒരു കൂലി മിനിമം കൂലിയായി നിജപ്പെടുത്താന്‍ ഒരു സംസ്ഥാന സര്‍ക്കാറിനും അനുവാദമില്ല എന്ന ഭീഷണിയും മുഴക്കിയിട്ടുണ്ടത്രെ അദ്ദേഹം. മന്ത്രിയുടെ മഹാമനസ്‌കത കൃത്യമായി വ്യക്തമാവണമെങ്കില്‍ മിനിമം കൂലിയെപ്പറ്റി പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാനായി ഒന്നാം മോദി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ കൂടി മനസ്സിലാക്കണം.

ഒരു തൊഴിലാളിക്ക് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട മിനിമം ഊര്‍ജം 2700 കലോറിയാണെന്ന അക്രോയ്ഡിന്റെ നിര്‍ദേശം ലോകവ്യാപകമായി അഗീകരിക്കപ്പെട്ടതാണ്. 1957ലെ 15-ാംഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഇതിനെ ആസ്പദമാക്കിയാണ് മിനിമം കൂലി കണക്കാക്കിയത്. അത്രയും ഊര്‍ജം കിട്ടാന്‍ പാലിനും മുട്ടക്കും പകരം താളും തകരയും മതിയോ എന്നു നോക്കിയാണ് മിനിമം വേതനം കൂട്ടിയെടുത്തത്. മിനിമത്തില്‍ മിനിമമാക്കാന്‍ ഏറെ ശ്രമിച്ചിട്ടാണ് അത് ഇന്നത്തെ വിലനിലവാരത്തില്‍ ദിവസത്തേക്ക് 692 രൂപയായിരിക്കണം എന്ന് കണ്ടെത്തിയത്.
എന്നാല്‍ 2700 കലോറി ഊര്‍ജത്തിനു പകരം 2400 കലോറി മതി എന്നു കണക്കാക്കിയാണ് വിദഗ്ധ സമിതി മിനിമം കൂലി പ്രഖ്യാപിച്ചത്. അതുതന്നെ 2012 ലെ വിലകളെ ആസ്പദമാക്കിയാണു താനും. അങ്ങനെ കണ്ടെത്തിയ മിനിമം കൂലിയാണ് 375 രൂപ മുതല്‍ 447 രൂപ വരെ എന്ന കണക്ക്. മാസത്തേക്ക് 9750 മുതല്‍ 11622 രൂപ വരെ.

എങ്ങനെ കൊടുക്കും മുതലാളിമാര്‍?

15-ാം ലേബര്‍ കോണ്‍ഫറസിന്റെ നിര്‍ദേശം മാത്രമല്ല, സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വെട്ടിക്കുറച്ചുണ്ടാക്കിയ ഈ കണക്കും മുതലാളിമാര്‍ക്ക് പ്രയാസം വരുത്തിവെക്കുമെന്ന് മോദി സര്‍ക്കാറിന് തോന്നി. അതുകൊണ്ടാണ് 18,000വും വേണ്ട, 11,622 ഉം വേണ്ട, മുതലാളിമാര്‍ക്ക് കൊടുക്കാനാവുന്ന 4628 രൂപ മതിയെന്നും തൊഴിലാളികള്‍ ബെല്‍റ്റ് അതിന് കണക്കാക്കി മുറുക്കണമെന്നും തീരുമാനിച്ചത്. 2017 ലെ മിനിമം കൂലി ദിവസത്തേക്ക് 176 രൂപയായിരുന്നു. രണ്ടു കൊല്ലം കൊണ്ട് രണ്ടു രൂപയുടെ വര്‍ദ്ധനവ്. കൊല്ലത്തേക്ക് ഒരു ശതമാനം വര്‍ദ്ധന നാണയപ്പെരുപ്പത്തിന്റെ തോതുകൂടി കണക്കിലെടുത്താല്‍ ഫലത്തില്‍ മിനിമം കൂലി കുറച്ചു കൊണ്ടുള്ള ഒരു പ്രഖ്യാപനമാണ് മന്ത്രി നടത്തിയത് എന്നര്‍ത്ഥം.

2700 കലോറി ഊര്‍ജത്തിനുള്ള ഭക്ഷണം കഴിക്കേണ്ടതില്ല, 2400 ഉം വേണ്ട, ഏതാണ്ട് ആയിരം കലോറി കിട്ടുന്ന ചപ്പും പുല്ലും തവിടും തിന്നാലും ജീവന്‍ നിലനില്‍ക്കുമല്ലോ എന്നാവും ന്യായം. അങ്ങനെയാണ് 178 രൂപ എന്ന ഒരു വിശുദ്ധ സംഖ്യ കണ്ടെത്തുന്നത്! അതുതന്നെ പതിവ് രീതികളാകെ ലംഘിച്ചാണ് താനും. സാധാരണ ഇത്തരം നാഷനല്‍ ഫ്‌ലോര്‍ ലെവല്‍ മിനിമം വേജ് (NFLMW) പ്രഖ്യാപിക്കുക സ്റ്റാറ്റിയൂട്ടറി മിനിമം വേജ് ഉപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുത്തതിനു ശേഷമാണ്. എന്നാല്‍ അങ്ങനെയൊരു യോഗം ചേരാതെയാണ് ഇങ്ങനെയൊരു അപമാനകരമാം വിധം തുച്ഛമായ മിനിമം കൂലി പ്രഖ്യാപിച്ചത്.

ലോകബാങ്ക് പറഞ്ഞത്

അതാകട്ടെ ഒട്ടും യാദൃശ്ചികമായല്ല താനും. ലോകബാങ്കിന്റെ 2019ലെ വാര്‍ഷിക റിപ്പോര്‍ട്ട് കൈകാര്യം ചെയ്ത പ്രധാന വിഷയം മിനിമം കൂലിയുടെ കാര്യമാണ്. അങ്ങനെയൊരു മിനിമം കൂലി സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍, അത് കൊടുക്കാന്‍ തയാറല്ലാത്ത മുതലാളിമാര്‍ മുതല്‍ മുടക്കാനേ തയാറാവില്ല, അപ്പോള്‍ ഉള്ള തൊഴില്‍ ലഭ്യതയും ഇല്ലാതാവും എന്ന മുടന്തന്‍ ന്യായമാണ് ലോകബാങ്ക് അവതരിപ്പിച്ചത്. ആകയാല്‍ അതുവേണ്ടെന്നു വെക്കുക. ശുപാര്‍ശ കിറുകൃത്യം. ഇന്ത്യയുടെ മുഖ്യ സാമ്പത്തികോപദേഷ്ടാവിനെ വളരെ ലാവിഷായി ഉദ്ധരിക്കുന്നുണ്ട് ലോകബാങ്ക്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ടു സംസ്ഥാനങ്ങളിലെങ്കിലും യൂനിവേഴ്‌സല്‍ ബേസിക് ഇന്‍കം തങ്ങള്‍ ഉറപ്പു വരുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അങ്ങനെ ജീവിക്കാന്‍ ആവശ്യമായ മിനിമം വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കുമെങ്കില്‍ പിന്നെയെന്തിന് മുതലാളിമാരെ ബുദ്ധിമുട്ടിക്കണം എന്നാണ് ചോദ്യം. അതുകൊണ്ട് വെറുതേ മിനിമം കൂലി കണക്കാക്കി പ്രഖ്യാപിച്ച് നടപ്പാക്കുന്ന പണിക്കൊന്നും പോകേണ്ട എന്നാണ് ലോകബാങ്ക് പറഞ്ഞത്.

അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ കുത്തകകളുടെ താല്‍പര്യ സംരക്ഷകരായ ഒരു സര്‍ക്കാര്‍ മിനിമം കൂലിയുടെ കഴുത്തിന് പിടിക്കാന്‍ ശ്രമിച്ചതില്‍ എന്തത്ഭുതം?

അള തപ്പിയാല്‍

തൊഴില്‍ മന്ത്രിയുടെ പത്രസമ്മേളനത്തെത്തുടര്‍ന്ന് വന്ന വാര്‍ത്തകള്‍ പറയുന്നത്, തൊഴില്‍ സമയം 14 മണിക്കൂര്‍ വരെ നീട്ടാനും നീക്കമുണ്ടെന്നാണ്!

തൊഴില്‍ നിയമങ്ങളൊക്കെ ഭേദഗതി ചെയ്യപ്പെട്ടാല്‍ ഇതും ഇതിനപ്പുറവും നടക്കും. പിന്നെ കാട്ടുനീതിയാണ് നടപ്പാവുക. പക്ഷേ അപ്പോഴും വിദേശ നിക്ഷേപത്തില്‍ കണ്ണുനട്ടിരിക്കുന്ന മോദിസര്‍ക്കാറിന് ഒരു അലിവുമുണ്ടാവില്ല. സംഘപരിവാര്‍ സംഘടനയായ ബി.എം.എസ്സിനേക്കാള്‍ അവര്‍ക്ക് കൂടുതല്‍ ബന്ധുത്വം അസോച്ചാമിനോടും ഫിക്കിയോടും ചേംബര്‍ ഓഫ് കോമേഴ്‌സിനോടുമാണല്ലോ. പക്ഷേ രാജ്യത്തെ തൊഴിലാളികളെ രാഷ്ട്രീയാതീതമായി ഒന്നിപ്പിക്കാനും പോരാട്ടങ്ങള്‍ അഴിച്ചുവിടാന്‍ പ്രേരിപ്പിക്കാനും ഈ നീക്കം വഴി തെളിയിക്കുക തന്നെ ചെയ്യും.