തിരുവനന്തപുരം: കോളേജ് പഠനക്കാലത്ത് എസ്.എഫ്.ഐ. പാനലില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നയാളാണ് കെ. സുധാകരനെന്ന് സി.പി.ഐ.ഐം. നേതാവ് എ.കെ. ബാലന്‍. ബ്രണ്ണന്‍ കോളേജില്‍ കെ.എസ്.യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ബാലന്റെ വാക്കുകള്‍:
ഒരിക്കല്‍ ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാന്‍ വന്ന വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയയ്ക്ക് സംസാരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നു. അപ്പോള്‍ സുധാകരന്റെ നേതൃത്വത്തില്‍ സി.എച്ച്. സിന്ദാബാദ് എന്ന് പറഞ്ഞ് സംരക്ഷണം തീര്‍ത്തു. അപ്പോഴാണ് ഞങ്ങളുടെ എല്ലാ ശക്തിയും സംഭരിച്ച് അദ്ദേഹത്തെ നേരിട്ടത്.
സുധാകരനെ അര്‍ധ നഗ്നനായി നടത്തിച്ചിട്ടുണ്ട്. ഇതിന് എം.എന്‍. വിജയന്‍ സാക്ഷിയായിരുന്നു. സി.എച്ച്. ചരമദിനവുമായി ബന്ധപ്പെട്ട് പലയിടത്തും വിജയന്‍മാഷ് ഇത് പറഞ്ഞിട്ടുണ്ട്.
1969 ല്‍ കെ.എസ്.യു. രണ്ടാകുകയാണ്. സുധാകരന്‍ കെ.എസ്.യുവില്‍ നിന്ന് മാറുകയാണ്. അദ്ദേഹം സംഘടനാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.ഒയുടെ പ്രസിഡന്റാകുകയാണ്.
ആ സുധാകരന്‍ എസ്.എഫ്.ഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ താമസിക്കുന്ന ഹോസ്റ്റലില്‍ വന്ന് സംസാരിച്ചിട്ടുണ്ട്. ഞാനതിന് അംഗീകാരവും കൊടുത്തു.
പക്ഷെ എസ്.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ബ്രണ്ണന്‍ കോളേജ് യൂണിറ്റ് കമ്മിറ്റിയും സുധാകരനാണ് മത്സരിക്കുന്നതെങ്കില്‍ വോട്ട് കൊടുക്കില്ല എന്ന് ശക്തമായി നിലപാടെടുത്തിന്റെ ഭാഗമായി ഞാന്‍ തന്നെ മത്സരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു.
ഞാന്‍ ബ്രണ്ണന്‍ കോളേജ് ചെയര്‍മാനായി. എനിക്കെതിരെ ഔദ്യോഗികമായി മത്സരിച്ച കെ.എസ്.യുവിന്റെ സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരനാണ്. അതായത്, കെ.എസ്.യുവിനെ ബ്രണ്ണന്‍ കോളേജില്‍ നശിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തയാളാണ് സുധാകരന്‍.
പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ ശ്രമിച്ചത് യാഥാര്‍ഥ്യമാണെന്നും ബാലന്‍ പറഞ്ഞു. കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രണ്ണന്‍ കോളേജില്‍ തന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണെന്നും ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകുമെന്നുമായിരുന്നു പിണറായിയുടെ പരാമര്‍ശത്തിന് സുധാകരന്റെ പ്രതികരണം.
അതേസമയം പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ. സുധാകരന്റെ അവകാശവാദത്തെക്കുറിച്ച് കേട്ടിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ പറഞ്ഞത്.
‘എന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഞാന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ല,’ മമ്പറം ദിവാകരന്‍ പറഞ്ഞു.
മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.
എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജയനെ ചവിട്ടി വീഴ്ത്താമെന്ന മോഹം സുധാകരനുണ്ടായിരിക്കാമെന്നും എന്നാല്‍ അതിനാകില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ശനിയാഴ്ച സുധാകരന്റെ വിശദീകരണം.