'ഒരു ജഡ്ജി ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യം'; സംവരണത്തിനെതിരായ ജസ്റ്റിസ് വി.ചിദംബരേഷിന്റെ പ്രസ്താവനയില്‍ എ.കെ ബാലന്‍
കൊച്ചി: ജാതി- സമുദായ സംവരണങ്ങളെ എതിര്‍ത്തുകൊണ്ടുള്ള കേരള ഹൈക്കോടതി ജഡ്ജി വി. ചിദംബരേഷിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍.
ഒരു ജഡ്ജി ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്നും ഇത്തരം പ്രസ്താവനകളിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
ഭരണഘടനാപദവിയിലിരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ജാതി സംവരണത്തിനെതിരെ സംസാരിച്ചതിലൂടെ ജസ്റ്റിസ് ചിദംബരേഷ് ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വി.ടി ബല്‍റാം എം.എല്‍.എയും വിമര്‍ശിച്ചിരുന്നു.
ഭരണഘടനാപരമായ സംവരണ സമ്പ്രദായത്തിനെതിരെ പരസ്യമായി നിലപാടെടുക്കുന്നത് ഭരണഘടനാ പദവിയിലുള്ള ഒരു വ്യക്തിക്ക്, പ്രത്യേകിച്ചും നമ്മുടെ ജുഡീഷ്യറിയുടെ ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ലെന്നായിരുന്നു വി.ടി ബല്‍റാം പറഞ്ഞത്.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബ്രാഹ്മണ സമുദായം കൂട്ടായി ശബ്ദമുയര്‍ത്തേണ്ട സമയമായെന്നായിരുന്നു ജസ്റ്റിസ്.വി. ചിദംബരേഷ് പറഞ്ഞത്. സാമ്പത്തിക സംവരണത്തിനായി സമുദായം ശബ്ദമുയര്‍ത്തണം. ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണ്. പിന്നാക്ക സമുദായാംഗങ്ങള്‍ക്ക് ലഭിക്കുന്ന 10 ശതമാനം സംവരണം പാചകക്കാരനായ ബ്രാഹ്മണന്റെ മക്കള്‍ സംവരണത്തിന് അര്‍ഹരല്ല എന്നത് ഇത്തരം അനീതിക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബ്രാഹ്മണ സമുദായത്തെ പാര്‍ശ്വവത്ക്കരിക്കാന്‍ അനുവദിക്കരുത്. ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് മുതിരുന്നില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. തമിഴ് ബ്രാഹ്മണരുടെ വിശ്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എല്ലാ സദ്ഗുണങ്ങളും ഒത്തുചേരുന്നതാണ് ബ്രാഹ്മണ ജന്മം. ബ്രാഹ്മണര്‍ക്ക് വര്‍ഗീയ വാദികളാകാന്‍ കഴിയില്ല. അവര്‍ അഹിംസാവാദികളാണെന്നും ചിദംബരേഷ് പറഞ്ഞു.
കൂടുതല്‍ വേദപാഠശാലകള്‍ സ്ഥാപിക്കണം. അഗ്രഹാരങ്ങള്‍ സംരക്ഷിക്കപ്പെടണം. പൂര്‍വ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നത്. ബ്രാഹ്മണന്‍ മനുഷ്യ സ്‌നേഹിയും ഏത് സ്തുത്യര്‍ഹ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടിയും ഉദാരമായി സംഭാവന ചെയ്യുന്നവനുമാണ്. ഇത്തരം ആളുകളാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് പറഞ്ഞിരുന്നു.
ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസ്താവനക്കെതിരെ ദളിത് ചിന്തകനും പൊതുപ്രവര്‍ത്തകനുമായ സണ്ണി എം. കപിക്കാട് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. അന്തസുണ്ടെങ്കില്‍ ചിദംബരേഷ് രാജി വച്ച് പുറത്തുപോകണമെന്നായിരുന്നു സണ്ണി എം കപിക്കാട് പ്രതികരിച്ചത്.
സംവരണത്തിനെതിരായ പ്രസംഗം എന്നതിനേക്കാള്‍ ഇതിനെ വംശീയവാദത്തിലൂന്നിയുള്ള പ്രസംഗം എന്നാണ് വിളിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.