2010ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും എത്തിയ സിനിമയില്‍ കുട്ടു എന്ന ബിജീഷായാണ് അജു വേഷമിട്ടത്.
മലര്‍വാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ച് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ അജു വര്‍ഗീസിന് പുറമെ നിവിന്‍ പോളി, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ഗീവര്‍ഗീസ് ഈപ്പന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.
പുതുമുഖങ്ങളായ അവരെ ഒഡീഷനിലൂടെയും ക്യാമ്പ് നടത്തിയുമൊക്കെയാണ് വിനീത് ശ്രീനിവാസന്‍ തെരഞ്ഞെടുത്തത്. അന്നത്തെ ക്യാമ്പില്‍ വെച്ച് താന്‍ ആദ്യമായി നിവിന്‍ പോളിയെ കണ്ടതിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. സ്‌പോട്ട്‌ലൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘മൂന്ന് ദിവസത്തെ ക്യാമ്പില്‍ ഒരു ദിവസം ഉച്ച തിരിഞ്ഞുള്ള സെഷനില്‍ ഒരു ഗ്രൂപ്പിന്റെ റിഹേഴ്‌സലിന്റെ ഭാഗമായിട്ടുള്ള പെര്‍ഫോമന്‍സ് അവിടെ നടക്കുന്നുണ്ടായിരുന്നു. മൂന്നുനാല് മരങ്ങള്‍ക്ക് ചുറ്റുമായിട്ടാണ് അന്ന് ആ പെര്‍ഫോമന്‍സ് നടന്നത്. ബാക്കിയുള്ളവരൊക്കെ പല ഭാഗത്തായി റിഹേഴ്‌സല്‍ നടത്തുന്നുണ്ടായിരുന്നു.
അതിനിടയില്‍ ഒരു ഗംഭീരമായ പെര്‍ഫോമന്‍സിന്റെ ശബ്ദം കേട്ടു. നല്ല രസവും കണ്‍വീന്‍സിങ്ങുമായി തോന്നിയത് കൊണ്ട് എല്ലാവരും ശബ്ദം കേട്ടയിടത്തേക്ക് പോയി. ഞാനും ആ ഗ്രൂപ്പിന്റെ അടുത്തേക്ക് ചെന്നു. കലക്കനായ ഒരു പെര്‍ഫോമന്‍സായിരുന്നു അവിടെ നടന്നത്.
തലപ്പാവ് എന്ന സിനിമയില്‍ രാജുവേട്ടന്‍ ചെയ്തിട്ടുള്ള വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ പെര്‍ഫോമന്‍സായിരുന്നു അയാള്‍ ചെയ്തത്. ബാബു ജനാര്‍ദ്ദന്‍ ചേട്ടന്റെ എഴുത്താണ് ആ സിനിമ. നല്ല ശക്തമായ ഡയലോഗുകളാണ് ഓരോന്നും. എന്നിട്ടും അയാള്‍ വളരെ കണ്‍വീന്‍സിങ്ങായിട്ടാണ് അത് പ്രസന്റ് ചെയ്തത്.
അന്ന് ഇത് നിവിന്‍ പോളിയാണെന്ന് മനസിലായിരുന്നില്ല. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ കാണുന്നത്. താടിയുള്ള ലുക്കിലുമാണ് അവന്‍. ഒരിക്കലും അവനെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് മറ്റൊരു കാര്യം. കലക്കന്‍ പെര്‍ഫോമന്‍സാണല്ലോയെന്ന് മനസില്‍ വിചാരിച്ച് നില്‍ക്കുമ്പോഴാണ് ഇയാളെ എവിടെയോ കണ്ട് പരിചയമുണ്ടല്ലോയെന്ന് ഞാന്‍ ചിന്തിക്കുന്നത്.
അങ്ങനെയാണ് അത് നിവിന്‍ പോളിയാണെന്ന് ഞാന്‍ മനസിലാക്കുന്നത്. അവന്‍ ആദ്യം ഹിറ്റായത് നടനായിട്ട് തന്നെയാണ്. എന്നില്‍ അന്ന് അവന്‍ വൗ തോന്നിപ്പിച്ചിരുന്നു. ആ ക്യാമ്പ് കഴിഞ്ഞിട്ട് ഞാന്‍ വിനീതിനോട് സംസാരിച്ചപ്പോള്‍ ‘നമുക്ക് പ്രകാശിനെ കിട്ടിയെടാ’ എന്നായിരുന്നു അവന്‍ പറഞ്ഞത്. അന്നും എന്നെ സെലക്ട് ചെയ്ത കാര്യം പറഞ്ഞിരുന്നില്ല,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Nivin Pauly