Entertainment
എന്നെയൊരു എസ്.ഐ ആക്കാന്‍ നിനക്കത്രയും മോശം അവസ്ഥയാണോ എന്ന് ചോദിച്ചു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 05, 05:48 am
Friday, 5th July 2024, 11:18 am

അജു വര്‍ഗീസിന്റെ വ്യത്യസ്തമായ വേഷപകര്‍ച്ച കാരണം ചര്‍ച്ചയായ കഥാപാത്രമായിരുന്നു എസ്.ഐ മനോജ്. കേരളാ ക്രൈം ഫയല്‍സ് എന്ന വെബ് സീരീസിലായിരുന്നു താരം ഈ വേഷത്തില്‍ എത്തിയത്. ജൂണ്‍, മധുരം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അഹമ്മദ് കബീറായിരുന്നു ഈ വെബ് സീരീസ് സംവിധാനം ചെയ്തത്. തനിക്ക് സീരീസിലെ കോണ്‍സ്റ്റബിളിന്റെ റോളാകുമെന്നായിരുന്നു കരുതിയതെന്ന് പറയുകയാണ് അജു വര്‍ഗീസ്. വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ വിചാരിച്ചിരുന്നത് സീരീസിലെ ആ രണ്ട് കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളായിട്ടാകും എന്റെ റോള്‍ എന്നാണ്. സാധാരണ അങ്ങനെയുള്ള വേഷങ്ങളാണല്ലോ നമുക്ക് വരുന്നത്. പിന്നെയാണ് അഹമ്മദ്, മനോജാണ് എന്റെ കഥാപാത്രമെന്ന് പറയുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചത് നിനക്ക് അത്രയും മോശം അവസ്ഥയാണോ എന്നായിരുന്നു. ഇങ്ങനെയൊരു റോള്‍ എനിക്ക് തരേണ്ടി വരുന്ന അവസ്ഥ ആലോചിക്കണം (ചിരി).

പക്ഷെ അദ്ദേഹത്തിന്റെ ചാലഞ്ചും അത് തന്നെയായിരുന്നു. പ്രതീക്ഷയില്ലാത്ത ഒരു നടനെ കൊണ്ട് അങ്ങനെയൊരു വേഷം ചെയ്യിക്കുക ചാലഞ്ച് തന്നെയാണ്. ഞാന്‍ അത് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്ചുണിറ്റി ആയിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ട് ഞാന്‍ ആ കഥാപാത്രത്തിന് വേണ്ടി പൂര്‍ണമായും സറണ്ടറ് ചെയ്തു. എന്റേതായ അഭിപ്രായങ്ങളൊന്നും ഞാന്‍ പറഞ്ഞില്ല. പിന്നെ സംശയങ്ങള്‍ ചോദിക്കുമായിരുന്നു,’ അജു വര്‍ഗീസ് പറഞ്ഞു.

തനിക്ക് എസ്.ഐ മനോജ് എന്ന കഥാപാത്രത്തെ മികച്ചതായി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സംവിധായകന്‍ അഹമ്മദ് കബീറിന് വലിയ സംഭാവനയുണ്ടെന്നും വിനീത് ശ്രീനിവാസന് ശേഷമുള്ള തന്റെ മെന്ററാണ് അദ്ദേഹമെന്നും അജു അഭിമുഖത്തില്‍ പറയുന്നു.

‘ഷൂട്ടിങ്ങ് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് മൂന്നാമത്തെ ദിവസമൊക്കെ ആകുമ്പോള്‍ ഡയലോഗ് റെന്‍ഡറിങ്ങും അതിന്റെ പേസിങ്ങും റിഥവുമൊക്കെ ഡയറക്ടറിന്റെ ചരടുവലിയുടെ കണ്‍ട്രോളിങ്ങിലാകും. അങ്ങനെ നമ്മള്‍ ആ കഥാപാത്രവുമായി നന്നായി സിങ്കാകും. അഹമ്മദിന് ആ കാര്യത്തില്‍ വലിയ കോണ്‍ട്രിബ്യൂഷനുണ്ട്.

അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ സെക്കന്റ് മെന്ററായി കാണുന്നത്. അതായത് വിനീത് ശ്രീനിവാസന് ശേഷമുള്ള എന്റെ മെന്ററാണ് അദ്ദേഹം. മനസില്‍ അദ്ദേഹത്തിന് അത്തരമൊരു സ്‌പേസ് കൊടുക്കാന്‍ കാരണമുണ്ട്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടാണ് അദ്ദേഹം മനോജ് എന്ന കഥാപാത്രത്തെ പെര്‍ഫോം ചെയ്യാനായി സെറ്റില്‍ ഗ്രൂം ചെയ്‌തെടുത്തത്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About His Role In Kerala Crime Files