ബിഗ് ബിക്ക് ശേഷം എന്നെ വല്ലാതെ ഞെട്ടിച്ച സിനിമ, അതിന്റെ സംവിധായകന്‍ ആരെന്ന് ഒരുപാട് അന്വേഷിച്ചു: അജു വര്‍ഗീസ്
Entertainment
ബിഗ് ബിക്ക് ശേഷം എന്നെ വല്ലാതെ ഞെട്ടിച്ച സിനിമ, അതിന്റെ സംവിധായകന്‍ ആരെന്ന് ഒരുപാട് അന്വേഷിച്ചു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th December 2024, 4:59 pm

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ഗഗനചാരിക്ക് ശേഷം അരുണ്‍ ചന്തുവിന്റെ ആദ്യസിനിമയായ സാജന്‍ ബേക്കറിയെക്കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നത് കണ്ടെന്ന് അജു വര്‍ഗീസ് പറഞ്ഞു. എന്നാല്‍ അതിന് മുമ്പ് അത്തരമൊരു അനുഭവം തനിക്ക് മുമ്പ് ഉണ്ടായിരുന്നെന്ന് അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകള്‍ തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നെന്ന് അജു വര്‍ഗീസ് പറഞ്ഞു. ആ സിനിമകള്‍ കണ്ടതിന് ശേഷം അതിന്റെ സംവിധായകന്‍ ആരാണെന്ന് ഒരുപാട് അന്വേഷിച്ചു നടന്നെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. ബോംബൈയില്‍ നിന്നുള്ള ആളാണെന്നും പഴയകാല നടന്റെ മകനാണെന്നും അപ്പോള്‍ മനസിലായെന്നും അജു പറഞ്ഞു.

ബിഗ് ബിയ്ക്ക് ശേഷം തന്നെ ഞെട്ടിച്ച സിനിമയാണ് നായകനെന്നും അതിന്റെ മേക്കിങ് വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും അജു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലിജോ എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടത് ആമേന്‍ എന്ന സിനിമക്ക് ശേഷമായിരുന്നെന്നും ആമേന് ശേഷമാണ് ലിജോയുടെ നായകനും സിറ്റി ഓഫ് ഗോഡും പലരും ചര്‍ച്ചയാക്കിയതെന്നും അജു വര്‍ഗീസ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘തട്ടത്തിന്‍ മറയത്ത് മുതല്‍ എനിക്കറിയാവുന്ന ആളാണ് അരുണ്‍ ചന്തു. ഗഗനചാരിക്ക് ശേഷമാണ് ചന്തുവിനെപ്പറ്റി ആളുകള്‍ സംസാരിച്ചുതുടങ്ങിയത്. അവന്റെ ആദ്യത്തെ സിനിമയായ സാജന്‍ ബേക്കറിയെക്കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നത് കണ്ടു. എനിക്ക് അതുപോലൊരു അനുഭവം മുമ്പ് ഉണ്ടായിട്ടുണ്ട്. നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകള്‍ കണ്ട് അന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

ആ സമയത്ത് ഞാന്‍ സിനിമയിലെത്തിയിട്ടില്ല. എന്നിരുന്നാലും അതൊക്കെ ആരാണ് ചെയ്തത്, ആരാണ് അതിന്റെ ഡയറക്ടര്‍ എന്നൊക്കെ അന്വേഷിച്ചു. ബോംബൈ ബേസ്ഡ് ആയിട്ടുള്ള ആളാണ്, പഴയ ഒരു നടന്റെ മകനാണ്, അയാളുടെ പേര് ലിജോ ജോസ് പെല്ലിശ്ശേരിയാണ് എന്നൊക്കെ അറിഞ്ഞത്. പക്ഷേ നമ്മള്‍ ലിജോയെ അംഗീകരിച്ചു തുടങ്ങിയത് ആമേന്‍ മുതലാണ്. ആ പടത്തിന് ശേഷമാണ് ലിജോയുടെ നായകനും സിറ്റി ഓഫ് ഗോഡും ചര്‍ച്ചയായത്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese about Lijo Jose Pellissery’s Nayakan and City of God movies