മുംബൈ ആക്രമണം: കസബിന്റെ ദയാഹരജി തള്ളണമെന്ന് ആഭ്യന്തര വകുപ്പ്
India
മുംബൈ ആക്രമണം: കസബിന്റെ ദയാഹരജി തള്ളണമെന്ന് ആഭ്യന്തര വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th October 2012, 12:51 am

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അജ്മല്‍ കസബിന്റെ ദയാഹരജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി.[]

ഏതെങ്കിലും തരത്തില്‍ മാപ്പ് അര്‍ഹിക്കുന്ന കുറ്റമാണോ കസബ് ചെയ്തിട്ടുള്ളതെന്നും കസബ് നല്‍കിയ ഹരജിയില്‍ നിലപാട് വ്യക്തമാക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു.

ഇതെതുടര്‍ന്നാണ് കസബ് മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. കസബിന്റെ ഹരജിയില്‍ ഇനി തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണ്. സാധാരണരീതിയില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയാണ് പതിവ്.

വിചാരണക്കോടതിയാണ് പാക് പൗരനായ കസബിന് വധശിക്ഷ നല്‍കിയത്. ഇത് പിന്നീട് മുംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. തുടര്‍ന്നാണ് കസബ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചത്.

ശിക്ഷ ഇളവ് ചെയ്യണമെന്ന കസബിന്റെ ഇതേ ആവശ്യം നേരത്തെ സുപ്രീം കോടതി നിരസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബോംബെ ഹൈക്കോടതിയും കസബിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്ന ഹരജി തള്ളിയിരുന്നു.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കസബ് സുപ്രീം കോടതിയെ സമീപിച്ചത്. ഫിബ്രവരി 14 നാണ് കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തന്റെ പ്രായം കണക്കിലെടുത്ത് വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു കസബിന്റെ ആവശ്യം. 24 കാരനായ കസബിന് താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിന് ന്യായമില്ല.  നീതിയുക്തമായ വിചാരണയ്ക്ക് അവസരം ലഭിച്ചില്ലെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

160 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏകപ്രതിയാണ് അജ്മല്‍. 2010 മെയ് 6നാണ് കസബിന് വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നത്. ആര്‍തര്‍ റോഡ് ജയിലില്‍ പ്രത്യേകമായി തയ്യാറാക്കിയ അതീവ സുരക്ഷാസെല്ലിലാണ് 25കാരനായ കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്.