ന്യൂദല്‍ഹി: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയില്‍ നിന്ന് നാല്‍പ്പത് പേര്‍ കോണ്‍ഗ്രസിലേക്ക്. ജോഗിയുടെ ഛത്തീസ്ഗഢ് ജനത കോണ്‍ഗ്രസില്‍ നിന്ന രാജിവെച്ച പാര്‍ട്ടിപ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലേക്ക് ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്.
കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് രാജിവെച്ച നാല്‍പ്പതുപേരും അംഗത്വം സ്വീകരിച്ചത്. ജോഗിയുടെ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ ഇതോടെ വിള്ളല്‍ വീഴുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുക്കൂട്ടല്‍.
മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി 2016 ലാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. പിന്നീട് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് വീണ്ടും മത്സരിക്കും
അതേസമയം ബി.ജെ.പിയ്ക്ക് അനുകൂലമായി ഉപതെരഞ്ഞെടുപ്പില്‍ സഹായം ചെയ്തതിന്റെ പേരില്‍ മകന്‍ അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്നാണ് അജിത് ജോഗി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് വേരുകളുള്ള കുടുംബമാണ് അജിത് ജോഗിയുടേത്. അദ്ദേഹത്തിന്റെ ഭാര്യ രേണു ജോഗി കോണ്‍ഗ്രസ് എം.എല്‍.എ ആണ്.
അതേസമയം മകന്‍ അമിതും മാര്‍വാഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആണ്. കോണ്‍ഗ്രസ് പിന്തുണയോടെ എം.എല്‍.എ ആയതിനുശേഷമാണ് അമിതിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.