പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരികളല്ല; പലരും പുരുഷകവികളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങുന്നു; വിവാദ പ്രസ്താവനയുമായി ഗാനരചയിതാവ് അജീഷ് ദാസന്‍
Kerala News
പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരികളല്ല; പലരും പുരുഷകവികളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങുന്നു; വിവാദ പ്രസ്താവനയുമായി ഗാനരചയിതാവ് അജീഷ് ദാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 9:41 am

വൈക്കം: കേരളത്തിലെ സ്ത്രീ എഴുത്തുകാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്‍. കേരളത്തിലെ ഇപ്പോഴത്തെ പെണ്‍കവികളില്‍ 99 ശതമാനവും നല്ല എഴുത്തുകാരികളല്ലെന്നും നല്ല എഴുത്ത് എഴുതുന്ന പെണ്‍കവികളില്‍ പലരും വലിയ എഴുത്തുകാരാക്കാമെന്ന ആണ്‍ കവികളുടെ വാഗ്ദാനങ്ങളില്‍ വീണ് എഴുത്ത് അവസാനിപ്പിക്കുകയാണെന്നുമായിരുന്നു അജീഷ് ദാസന്റെ പരാമര്‍ശം.

വൈക്കം പി. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയില്‍ വെച്ച് നടന്ന മീരബെന്നിന്റെ പെണ്‍മൊണോലോഗുകള്‍ എന്ന ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അജീഷിന്റെ വിവാദ പ്രസ്താവന.

‘കേരളത്തിലെ ഇപ്പോഴത്തെ പെണ്‍കവികളില്‍ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാല്‍ തന്നെ ഇവിടുത്തെ പ്രമുഖ ആണ്‍ കവികള്‍ ഉടനെ അവരുടെ ഇന്‍ബോക്‌സില്‍ ചെല്ലുകയായി.പിന്നെ അവരുടെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു.

നിങ്ങളെ മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നു, ഈ വാഗ്ദാനങ്ങളില്‍ കുടുങ്ങി പെണ്‍കവികള്‍ 99% വും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെണ്‍ കവികള്‍ ഇവിടെ ഇല്ലാതാകുന്നു.

പ്രമുഖ ആണ്‍ കവികളുടെ ഇന്‍ബോക്‌സ് പ്രോത്സാഹനങ്ങളില്‍ വീഴുന്നകവികള്‍ പിന്നീട് അവര്‍ പറയും പ്രകാരം മാത്രമേ പ്രവര്‍ത്തിക്കുന്നു,’ എന്നുമായിരുന്നു അജീഷ് ദാസ് പറഞ്ഞത്.

അജീഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കേരളത്തിലെ സാംസ്‌കാരികരംഗത്തെ ബ്രാഹ്മണിക്ക് ജീര്‍ണ്ണതയിലൂന്നിയ ആണധികാര അഹന്തയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അജീഷ് ദാസന്‍ നടത്തിയ പ്രസ്താവനയെന്ന് വിവിധ സ്ത്രി കവികള്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അജീഷിന്റെ അഭിപ്രായം അങ്ങേയറ്റം അപമാനകരമാണെന്നും പ്രസ്തുത വേദിയിലുണ്ടായിരുന്ന സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പുലര്‍ത്തിയ കുറ്റകരമായ മൗനത്തേയും കേരളപ്പെണ്‍കവികള്‍ ഗൗരവത്തോടെ കാണുന്നെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്.

അജീഷ് ദാസന്‍ സ്ത്രീവിരുദ്ധതയും ധാര്‍ഷ്ട്യവും നിറഞ്ഞ സ്വന്തം അഭിപ്രായം പിന്‍വലിച്ച് കേരളത്തിലെ സ്ത്രീകവികളോട് നിരുപാധികം മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും മാപ്പ് പറയില്ലെന്ന് അജീഷ് ദാസന്‍ പറഞ്ഞു. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും അജീഷ് ചോദിച്ചു.

മലയാളത്തില്‍ ഇന്ന് എഴുതുന്ന പെണ്‍ കവികളില്‍ ഒരു ശതമാനം മാത്രമേ കവിത എഴുതുന്നുള്ളൂ എന്ന് പറഞ്ഞതോ? അതോ, ആ നല്ല കവിത എഴുതുന്ന പെണ്‍ കവികളെ മെസ്സഞ്ചറിലും അല്ലാതെയും പല പ്രോത്സാഹനങ്ങളും നല്‍കി ഇല്ലാതാക്കുന്ന മുതിര്‍ന്ന ആണ്‍ കവികളുടെ ഞരമ്പ് രോഗത്തെ വിമര്‍ശിച്ചതോ? ഇതല്ലാതെ ഞാന്‍ അവിടെ ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് അജീഷ് പറയുന്നത്.

തന്റെ ജീവിതത്തില്‍ ഇന്നേവരെ ഒരു സ്ത്രീയോടും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല, ഇന്നലെ നടന്ന ഒരു ചടങ്ങില്‍ ഞാന്‍ പങ്കുവെച്ച എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അവരോട് ഐക്യപ്പെടുന്നു. ഇനി മേലില്‍ ഒരു പൊതു പരിപാടികളിലും പങ്കെടുക്കില്ല എന്നും അഭിപ്രായങ്ങള്‍ പറയില്ലെന്നും അജീഷ് ദാസന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം