തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രമേയം. സാമ്പത്തിക സംവരണം അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി റദ്ദു ചെയ്യണെന്നാണ് എ.ഐ.വൈ.എഫ് മണ്ഡലം സമ്മേളനങ്ങളില്‍ പ്രമേയം അവതരിപ്പിച്ചത്.
മണ്ണാര്‍ക്കാട്, വൈപ്പിന്‍ തുടങ്ങി കേരളത്തിലെ പല മണ്ഡലം സമ്മേളനങ്ങളിലും പ്രമേയം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ചില സമ്മേളനങ്ങള്‍ പ്രമേയം ഐക്യകണ്‌ഠേന പാസാക്കുകയും, ചിലയിടത്ത് സംസ്ഥാന-ദേശീയ കമ്മറ്റികള്‍ക്ക് സമര്‍പ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
സാമ്പത്തിക ഭദ്രതയെ അടിസ്ഥാനപ്പെടുത്തി സംവരണവും തുടര്‍ന്ന് ആനുകൂല്യങ്ങളും നല്‍കുകയാണ് നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ ഭരണഘടനാ ഭേദഗതി അംഗീകരിക്കുകയും ചെയ്തിരുന്നു.
സാമ്പത്തിക സംവരണത്തിന് എതിരായ സമീപനമാണ് സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫും വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫും ആദ്യം മുതല്‍ക്കേ സ്വീകരിച്ചിരുന്നത്.
നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയ്‌ക്കെതിരെ പരസ്യമായ പ്രതിഷേധങ്ങളുമായി ഇരു വിഭാഗവും നേരത്തേ രംഗത്തു വന്നിരുന്നു.
നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കുക.
………………………………
സാമൂഹ്യനീതിയെക്കുറിച്ചുള്ള ഇന്ത്യന്‍ ഭരണഘടനയുടെ സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണം. സഖാവ് ഡി. രാജ ഉള്‍പ്പെടെയുള്ളവര്‍ രാജ്യസഭയില്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ വകവക്കാതെയാണ് കേന്ദ്രം ഇതു പാസാക്കിയത്. ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടുള്ള കേസുകള്‍ സുപ്രീം കോടതി പരിഗണിക്കുകയാണ്.
ഈ സാഹചര്യത്തിലും വേണ്ടത്ര പഠനമില്ലാതെ തയ്യാറാക്കിയതെന്ന് സ്വയം സമ്മതിക്കുന്ന ശശിധരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിക്കനുസരിച്ചുള്ള പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഭരണഘടനയുടെ അടിസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്നും, ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റും വിവിധ സംസ്ഥാന സര്‍ക്കാരുകളും പ്രഖ്യാപിച്ച ആനുകൂല്യങ്ങളും പദ്ധതികളും പിന്‍വലിക്കണമെന്നും അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ ഈ സമ്മേളനം പ്രമേയം വഴി സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.