ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കില്ല; അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം
Kerala News
ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കില്ല; അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th May 2021, 9:58 pm

കോഴിക്കോട്: ലക്ഷദ്വീപ്  ജനതയ്ക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ്. ലക്ഷദ്വീപിന്റെ പൈതൃകത്തെയും സമാധാനാന്തരീക്ഷത്തെയും സംസ്‌കാരത്തെയും ദ്വീപ് ജനതയുടെ ജീവനോപാധികളെയും തകര്‍ക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. ബേപ്പൂരിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ആര്‍.എസ്.എസിന്റെ വര്‍ഗീയ-വിഭജന -വിഭാഗീയ-കോര്‍പ്പറേറ്റ് അജണ്ടകളുടെ നടത്തിപ്പുകാരനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മാറിയതായി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി.ഗവാസ് പറഞ്ഞു.

ഭൂരിപക്ഷം ദീപ് നിവാസികളുടെ വരുമാന മാര്‍ഗമായ മത്സൃബന്ധനത്തെ തകര്‍ക്കാന്‍ വള്ളവും,വലയും അനുബന്ധ മത്സ്യ ബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരദേശ സംരക്ഷണ നിയമത്തിന്റെ പേര് പറഞ്ഞ് പൊളിച്ചു കളഞ്ഞിരിക്കുകയാണ്.

ചരക്ക് ഗതാഗതത്തിന് ആശ്രയിക്കുന്ന ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി മംഗലാപുരം തുറമുഖത്തെ നിശ്ചയിക്കുമ്പോള്‍ കേരളവുമായുള്ള ദീപ് നിവാസികളുടെ വ്യാപാര ബന്ധത്തെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും പി.ഗവാസ് പറഞ്ഞു.

മാര്‍ച്ചില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ.ടി റിയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി ബിനുപ് ,കെ.സുജിത്ത്, സി.പി നൂഹ് എന്നിവര്‍ സംസാരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:   AIYF protest in front of the Lakshadweep administration office