ഐശ്വര്യ ലക്ഷ്മി – ഷറഫുദ്ദീന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ഫാന്റസി കോമഡി ചിത്രമാണ് ‘ഹലോ മമ്മി’. ഇതിനുമുമ്പ് അമല്‍ നീരദ് ചിത്രമായ വരത്തനിലായിരുന്നു ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ദീനും ഒന്നിച്ച് അഭിനയിച്ചത്.
പ്രിയ എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി എത്തിയപ്പോള്‍ ജോസി എന്ന കഥാപാത്രമായിട്ടായിരുന്നു ഷറഫുദ്ദീന്‍ വരത്തനില്‍ എത്തിയത്. ഈ സിനിമയുടെ സമയത്താണ് താനും ഷറഫുദ്ദീനും കൂട്ടുകാരാകുന്നതെന്ന് പറയുകയാണ് ഐശ്വര്യ.
ഒരുപാട് സംസാരിക്കുന്ന ആളല്ല അദ്ദേഹമെന്നും കുറഞ്ഞ വാക്കുകള്‍ കൊണ്ട് തന്നെ കംഫേര്‍ട്ട് ചെയ്‌തെന്നും നടി പറയുന്നു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘വരത്തന്‍ സിനിമയുടെ സമയത്താണ് ഞാനും ഷറഫിക്കയും കുറച്ചുകൂടെയും ഫ്രണ്ട്‌സാകുന്നത്. വരത്തന്‍ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു. അതുകൊണ്ട് തന്നെ എന്റെ മുന്നില്‍ കുറേ ക്വസ്റ്റ്യന്‍ മാര്‍ക്കുകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഏറെ സ്‌ട്രെസ്ഡ് ഔട്ടായ സമയം കൂടെയായിരുന്നു.
ഷറഫിക്ക ഒരുപാട് സംസാരിക്കുന്ന ആളല്ല. കുറഞ്ഞ വാക്കുകള്‍ കൊണ്ട് എന്നെ കംഫേര്‍ട്ട് ചെയ്ത കോ സ്റ്റാറായിരുന്നു അദ്ദേഹം. സത്യത്തില്‍ ആ സമയത്ത് ഷറഫിക്ക ഇക്കയുടേതായി സ്‌ട്രെസിലായിരുന്നു. ആ കഥാപാത്രം ചെയ്യുന്നതിന്റെ സ്‌ട്രെസ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.
നമ്മള്‍ പലപ്പോഴും ജഡ്ജ് ചെയ്യരുതെന്ന് പറഞ്ഞാലും ജോസി എന്ന കഥാപാത്രം ചെയ്യുമ്പോള്‍ ഷറഫിക്ക ഇടക്ക് ഡൗണായിട്ട് എന്റെ അടുത്ത് വന്നിരിക്കാറുണ്ട്. എന്റെ കഥാപാത്രത്തിനോട് വിഷമം തോന്നിയിട്ടൊക്കെ എന്റെ അടുത്ത് വന്നിരുന്ന് സംസാരിക്കാറുണ്ടായിരുന്നു.
സിനിമ കഴിഞ്ഞ് പാക്കപ്പിന്റെ ദിവസം ഷറഫിക്ക കുറച്ച് ഡിസ്റ്റേര്‍ബ്ഡായിരുന്നു. അന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ ഞാനും കൂടെ വന്നോട്ടെയെന്ന് ചോദിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ കാറിലായിരുന്നു ഞാന്‍ വന്നത്. അന്നാണ് ഞാന്‍ ഇതുവരെ മനസിലാക്കിയതില്‍ നിന്നും വളരെ വ്യത്യസ്തനായ ആളാണ് ഇക്കയെന്ന് മനസിലായത്.
ഞാന്‍ ഇക്കയില്‍ നിന്ന് പ്രതീക്ഷിച്ച ഒരു പ്ലേ ലിസ്റ്റായിരുന്നില്ല അന്ന് അദ്ദേഹം പ്ലേ ചെയ്തത്. ജാസ് മ്യൂസിക്കൊക്കെയായിരുന്നു. പിന്നെ പഴയ മലയാളം പാട്ടുകളും മുഹമ്മദ് റാഫിയുടെ പാട്ടുകളുമായിരുന്നു ആ പ്ലേ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഒരുപാട് കാര്യങ്ങള്‍ അന്ന് എനിക്ക് പറഞ്ഞു തന്നിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aishwarya Lekshmi Talks About Varathan Movie And Sharafudheen