ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് കുമാരി. മിത്തിക്കല്‍ ഫാന്റസി ത്രില്ലര്‍ ജോണറിലൊരുക്കിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, തന്‍വി റാം, സ്വാസിക, സുരഭി ലക്ഷ്മി, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്യുന്ന കുമാരി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.
ഇതിനിടെ സാറ്റര്‍ഡേ നൈറ്റ് എന്ന ഏറ്റവും പുതിയ നിവിന്‍ പോളി ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോക്കിടെ ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെട്ടുകൊണ്ട് കുമാരിയുടെ പ്രൊമോഷന്‍ നടത്തിയ രംഗം വൈറലായിരുന്നു.
ഈ വീഡിയോക്ക് പിന്നിലെ രസകരമായ സംഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി.
സാറ്റര്‍ഡേ നൈറ്റ് ടീം എയര്‍പോര്‍ട്ടില്‍ വെച്ച് ചെയ്ത പ്രൊമോഷന്‍ വീഡിയോക്കിടെ ‘കുമാരിയും കൂടെ കണ്ടേക്കണേ’ എന്ന് പറഞ്ഞ് ഇടക്കുകയറിവന്നതിനെ കുറിച്ചാണ് ഐശ്വര്യ അഭിമുഖത്തില്‍ സംസാരിക്കുന്നത്.
”അത് പിന്നെ… ഞാന്‍… ഞങ്ങളെല്ലാവരും ദുബായില്‍ നിന്ന് പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ് ഒരുമിച്ചാണ് തിരിച്ചുവന്നത്. സാറ്റര്‍ഡേ നൈറ്റിന്റെ വലിയ പ്രൊമോഷന്‍സ് അവിടെ നടക്കുന്നുണ്ട്.
മലയാളം സിനിമ എല്ലാ രാജ്യത്തേക്കും എത്തുന്നതും നല്ല കാര്യമല്ലേ. ദുബായിലൊക്കെ ഒരുപാട് മലയാളികളുണ്ടല്ലോ.
കുമാരി ഇവിടെയും ദുബായിലും ഒരുമിച്ചായിരുന്നു റിലീസായത്. അതുകൊണ്ട് പെട്ടെന്ന് ദുബായില്‍ പോയി കുറച്ച് ഇന്റര്‍വ്യൂസ് ചെയ്ത് വരാം, നമ്മുടെ സിനിമ വരുന്നുണ്ട് കേട്ടോ എന്ന് ആള്‍ക്കാരെ അറിയിക്കാം എന്ന് വിചാരിച്ചതായിരുന്നു.
വേറെ ആരും എന്റെ കൂടെ വന്നിരുന്നില്ല. ഞാന്‍ ഒറ്റക്കാണ് പോയത്. സിനിമ വിജയിപ്പിക്കാനൊന്നുമല്ല. സിനിമ വരുന്നുണ്ടെന്ന് അവരെ അറിയിക്കുക. മലയാളികളെ പറ്റിക്കാന്‍ കഴിയില്ല, നല്ല സിനിമയാണെങ്കിലേ അവര് തിയേറ്ററില്‍ കേറി കാണൂ.
അങ്ങനെ ഞാന്‍ ദുബായില്‍ പോയി കുറച്ച് ഇന്റര്‍വ്യൂസും ഡാന്‍സ് റീല്‍സുമൊക്കെ ചെയ്ത് തിരിച്ച് വരുന്ന വഴി സാറ്റര്‍ഡേ നൈറ്റിന്റെ ടീമെല്ലാവരും ഫ്‌ളൈറ്റിലുണ്ടായിരുന്നു.
എന്റെ ആദ്യത്തെ സിനിമയുടെ ഹീറോയാണല്ലോ നിവിന്‍ ചേട്ടന്‍. ഞങ്ങളിങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞ് വരികയായിരുന്നു.
നിവിന്‍ ചേട്ടന്‍ എന്നോട് സ്ഥിരമായി പറയുന്ന ഒരു ഡയലോഗുണ്ട്, ‘എന്റെ സിനിമയിലൂടെയാണല്ലോ ആദ്യമായി വന്നത് എന്നത് നല്ല അഭിമാനം തോന്നുന്ന കാര്യമാണ്,’ എന്ന്. അതേ ഫീലിങ്ങാണ് എനിക്ക് കുമാരിയെ കുറിച്ച്.
ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്ത എല്ലാവരും ഈ സിനിമയിലൂടെ അറിയപ്പെടണം, കുമാരി കാരണം അവരുടെ ജീവിതം മാറണം എന്നാണ് എനിക്കുള്ളത്.
മായാനദി എനിക്ക് അത്തരത്തിലൊരു സിനിമയാണ്. ഞണ്ടുകള്‍ കാരണം (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള) എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ തോന്നി, മായാനദി കാരണം ഞാന്‍ കുറച്ച് ഡയറക്ടര്‍മാരിലേക്ക് എത്തി.
മണി സാറും (മണിരത്‌നം), കാര്‍ത്തിക് സാറും എന്നെ വിളിച്ചത് മായാനദി കാരണമാണ്. കുമാരി ടീമിനും ഈ സിനിമ അതുപോലെയാകണം എന്നാഗ്രഹമുണ്ട്. ഈ സിനിമയില്‍ വര്‍ക്ക് ചെയ്തു എന്നുള്ളത് അവരുടെ അഡ്രസാകണം,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Aishwarya Lekshmi talks about Nivin Pauly and her new movie Kumari