ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറി, പിന്നീട് ആഷിഖ് അബു ചിത്രം മായാനദിയിലെ അപ്പുവായി മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി.
മോഡലിങ്ങിലൂടെ സിനിമയിലെത്തിയ ഐശ്വര്യ മലയാളത്തില്‍ മാത്രമല്ല ഗാര്‍ഗി, അമ്മു, ജഗമേ തന്തിരം പോലുള്ള സിനിമകളിലൂടെ തമിഴിലും തെലുങ്കിലും ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യയില്‍ പേരെടുത്തിട്ടുണ്ട്. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനിലും താരം ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.
എന്നാല്‍ താന്‍ സിനിമയില്‍ വന്നത് മാതാപിതാക്കള്‍ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ലെന്നും എം.ബി.ബി.എസ് പഠിച്ചതുകൊണ്ട് താനൊരു ഡോക്ടറായി വര്‍ക്ക് ചെയ്യുന്നതായിരുന്നു അവര്‍ക്ക് താല്‍പര്യമെന്നും പറയുകയാണ് ഐശ്വര്യ. മായാനദി സിനിമ ചെയ്തതിന് ശേഷം ആറ് മാസത്തോളം പേരന്റ്‌സ് തന്നോട് മിണ്ടിയിരുന്നില്ലെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറയുന്നു.
”സിനിമയിലേക്ക് വന്നതില്‍ അച്ഛനും അമ്മയും സപ്പോര്‍ട്ടീവ് ആയിരുന്നില്ല. എന്റെ പേരന്റിങ്ങില്‍ വീട്ടില്‍ അച്ഛനും അമ്മക്കും ഒരുപോലുള്ള പാര്‍ടിസിപ്പേഷനാണുള്ളത്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളും ഈക്വലായിരുന്നു.
രണ്ട് പേര്‍ക്കും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. എനിക്ക് തോന്നുന്നു മായാനദി കഴിഞ്ഞതിന് ശേഷം ഒരു ആറ് മാസം അവര്‍ എന്റെയടുത്ത് സംസാരിച്ചിട്ടില്ല.
പിന്നെ പതുക്കെപ്പതുക്കെ ഓക്കെയായി വന്നു. അവര്‍ക്കും ഇത് അംഗീകരിക്കാന്‍ സമയമെടുത്തു. കാരണം നമ്മുടെ സൊസൈറ്റി അങ്ങനെയാണ്. നമ്മള്‍ പഠിച്ചതുമായി ബന്ധപ്പെട്ട ജോലിയല്ല, പഠിച്ച ഡിഗ്രിയിലല്ല ജോലി ചെയ്യുന്നത് എങ്കില്‍ അത് അക്‌സപ്റ്റ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ് ഇവിടെയുള്ളവര്‍ക്ക്.
അപ്പൊപ്പിന്നെ ഒരു സിനിമാ ബന്ധവുമില്ലാത്ത ഞാന്‍ പെട്ടെന്ന് സിനിമയിലേക്ക് വരുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ ചിന്തിക്കാമല്ലോ. അത്തരം ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇപ്പോഴും അവര്‍ മുഴുവനായും ഓക്കെയല്ല.
എന്നോട് ചോദിക്കാറുണ്ട്, പി.ജി എടുക്കുന്നില്ലേ എന്നൊക്കെ,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
താരം തന്നെ ടൈറ്റില്‍ റോളിലെത്തിയ കുമാരിയാണ് ഐശ്വര്യയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ മലയാളചിത്രം. വിഷ്ണു വിശാല്‍ നായകനായെത്തിയ ഗാട്ട കുസ്തിയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ തമിഴ് സിനിമ.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയിലും ഐശ്വര്യയാണ് നായികയായെത്തുന്നത്.
Content Highlight: Aishwarya Lekshmi says her parents were not supportive when she came to the movie industry