കൊച്ചി: ബയോ വെപ്പണ്‍ പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസോടെ ‘ബയോ’ എന്ന വാക്ക് പറയുന്നത് ശ്രദ്ധിച്ചാണെന്ന് സംവിധായിക ഐഷ സുല്‍ത്താന. ഏഷ്യാനെറ്റ് ന്യൂസിലെ പോയന്റ് ബ്ലാങ്കിലായിരുന്നു ഐഷയുടെ പ്രതികരണം.
‘ബയോ എന്ന് പേര് ഇപ്പോള്‍ പറയുന്നത് ശ്രദ്ധിച്ചാണ്. എന്റെ അനിയന്‍ ബയോ മാത്‌സാണ് പ്ലസ് ടു എടുത്തിരിക്കുന്നത്. ബയോ എന്ന പേര് പറയുമ്പോള്‍ രാജ്യദ്രോഹം, ബയോവെപ്പണ്‍ എന്ന വാക്കുകളൊക്കെ നമ്മളെ അലട്ടും,’ ഐഷ പറഞ്ഞു.
അതേസമയം ദ്വീപിനെക്കുറിച്ച് ആരെങ്കിലും കള്ളം പറഞ്ഞാല്‍ പ്രതികരിക്കാതിരിക്കില്ലെന്നും അവര്‍ പറഞ്ഞു. ചര്‍ച്ചകളില്‍ വേണമെങ്കില്‍ പങ്കെടുക്കാതിരിക്കുകയോ പങ്കെടുക്കുകയോ ചെയ്യാമെന്നും ഐഷ കൂട്ടിച്ചേര്‍ത്തു.
‘ദ്വീപിനെക്കുറിച്ച് കള്ളം പറഞ്ഞാല്‍ ഭദ്രകാളിയെപ്പോലെയാകും. ഞാന്‍ സാധാരണക്കാരിയാണ് ഇതിന്റെ പേരില്‍ എനിക്ക് എന്റെ സ്വഭാവം മാറ്റാന്‍ പറ്റില്ല,’ ഐഷ പറഞ്ഞു.
മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.