ന്യൂദല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 10 ലക്ഷം രൂപ ധനസഹായം നല്‍കും. മരണപ്പെട്ട 12 വയസില്‍ താഴെയുള്ള കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ധനസഹായം നല്‍കും. സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുകള്‍ പറ്റിയവര്‍ക്ക് 50000 രൂപയും സഹായം നല്‍കും.
ഇന്‍ഷൂറന്‍സ് നടപടി ക്രമങ്ങള്‍ പാലിക്കുമെന്നും ഉചിതമായ ഘട്ടത്തില്‍, നിയമം അനുശാസിക്കുന്ന പ്രകാരം നഷ്ടപരിഹാരം ആളുകള്‍ക്ക് നല്‍കുമെന്നും നിലവില്‍ പ്രഖ്യാപിക്കുന്നത് അടിയന്തര സഹായമാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്.
നിലവില്‍ 149 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേരുടെ നില ഗുരുതരമാണ്.
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കുള്ള സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ കാര്യത്തിലും സര്‍ക്കാര്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുമെന്നും ഏത് ആശുപത്രിയിലും ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.അപകടം നടന്ന സ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിക്ക് പുറമെ വ്യോമയാന മന്ത്രിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു.