എയ്ഡഡ് സ്‌കൂള്‍ നിയമന സര്‍ക്കുലര്‍ പിന്‍വലിച്ചു
Kerala
എയ്ഡഡ് സ്‌കൂള്‍ നിയമന സര്‍ക്കുലര്‍ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2013, 11:38 am

[]തിരുവനന്തപുരം: എയ്ഡഡ് സെക്കന്‍ഡറി സ്‌കൂളുകളിലെ നിയമനം സംബന്ധിച്ചു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. []

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സര്‍ക്കുലര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിലവിലെ നിയമനരീതികള്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

സര്‍ക്കുലറില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം സര്‍ക്കുലര്‍ നടപ്പാക്കിയാല്‍ മതിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിനെതിരെ ചിലയിടങ്ങളില്‍ നിന്നും പ്രതിഷേധമുണ്ട്.

മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എ.ഐ.വൈ.എഫ് പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറാണ് നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 2004 മുതല്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവുകള്‍ ക്രോഡീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഡയറക്ടര്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം.

സര്‍ക്കുലറിനെതിരെ വിവിധ മാനേജ്‌മെന്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങളെച്ചൊല്ലി ആക്ഷേപങ്ങളും കോടതി പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റുകളുടെ താത്പര്യങ്ങള്‍ക്ക് വിലങ്ങു തടിയാകുന്ന നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കഴിഞ്ഞ മാസം പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തിക നിര്‍ണയ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ മാനേജര്‍മാര്‍ നിയമന നടപടികള്‍ സ്വീകരിക്കാവൂ എന്നും ഇന്റര്‍വ്യു ബോര്‍ഡില്‍ സ്‌കൂള്‍ മാനേജര്‍ (പ്രതിനിധി), പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരുണ്ടായിരിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

ഒഴിവ് സംബന്ധിച്ച് രണ്ട് പ്രമുഖ പത്രങ്ങളില്‍ എല്ലാ ജില്ലാ എഡിഷനിലും ശ്രദ്ധയില്‍പ്പെടും വിധത്തില്‍ പരസ്യം നല്‍കണം. ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ നോട്ടീസ് ബോര്‍ഡുകളിലും അറിയിപ്പ് നല്‍കണം.

അപേക്ഷ നല്‍കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 15 ദിവസത്തെ സമയം നല്‍കണം. കൂടിക്കാഴ്ചാവിവരം രജിസ്‌ട്രേഡ് തപാലില്‍ ഏഴ് ദിവസംമുമ്പ് അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

കെ.ഇ.ആര്‍. യോഗ്യത പ്രകാരമുള്ള ഉദ്യോഗാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ പുനര്‍പരസ്യം നല്‍കണം.

സീനിയര്‍ അധ്യാപക തസ്തികകളിലേക്ക് 1:3 അനുപാതത്തില്‍ തസ്തിക മാറ്റത്തിലൂടെ നിയമനം നല്‍കണം. ഇതിനുശേഷം മാത്രമേ നേരിട്ടുള്ള നിയമനം പാടുള്ളൂ.

നിയമനങ്ങളില്‍ പരാതിയുള്ളവര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളില്‍ ആര്‍.ഡി.ഡി.മാര്‍ക്കും അപ്പീല്‍ അപേക്ഷ ഡയറക്ടര്‍ക്കും നല്‍കണം.

വ്യവസ്ഥാപിതവും കെ.ഇ.ആര്‍. വ്യവസ്ഥകള്‍ക്കനുസൃതമായുമുള്ള നിയമനങ്ങള്‍മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ എന്ന് ആര്‍.ഡി.ഡി.മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.